അന്തര്‍ ദേശീയം

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു
ബേനസീര്‍ വധം: യു.എന്‍. സംഘം വിരല്‍ ചൂണ്ടുന്നത്‌ ഐ.എസ്‌.ഐയിലേക്കും മുഷ്‌റഫിലേക്കും
ന്യൂയോര്‍ക്ക്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌ ഗുരുതരമായ സുരക്ഷാ വീഴ്‌ചമൂലമാണെന്ന്‌ ഐക്യരാഷ്ട്രസഭാ അന്വേഷണ സംഘം. പട്ടാള ഭരണാധികാരി പര്‍വേശ്‌ മുഷറഫ്‌ സര്‍ക്കാരും പഞ്ചാബ്‌ ഭരണകൂടവും റാവല്‍പിണ്ടി ജില്ലാ പോലീസും മതിയായ സുരക്ഷ നല്‍കിയിരുന്നുവെങ്കില്‍ ബേനസീറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. 2007 ഡിസംബര്‍ 27 ന്‌ റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ്‌ റാലിക്കിടെയാണ്‌ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌. ഗുരുതരമായ സുരക്ഷാ ഭീഷണിയാണ്‌ പാകിസ്‌താനില്‍ തിരിച്ചെത്തിയ ബേനസീറിന്‌ നേരിടേണ്ടി വന്നത്‌. എന്നാല്‍, മതിയായ സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്‌ച വരുത്തി. ബേനസീര്‍ വധത്തെക്കുറിച്ചുള്ള അന്വേഷണം പാകിസ്‌താന്‍ രഹസ്യാന്വേഷണ ഏജന്‍സിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും യു.എന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വധത്തെക്കുറിച്ച്‌ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്‌.ഐ തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമാണ്‌ അന്വേഷണ ഘട്ടത്തില്‍ പോലീസിന്‌ കൈമാറിയത്‌. വധത്തില്‍ അന്നത്തെ പ്രസിഡന്റ്‌ പര്‍വെശ്‌ മുഷറഫിനോ അദ്ദേഹത്തോട്‌ അടുപ്പമുള്ളവര്‍ക്കോ പങ്കുണ്ടാകാമെന്ന്‌ ബേനസീറിന്റെ അനുയായികള്‍ ആരോപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരൂവെന്ന്‌ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിച്ചിരുന്നു. യു.എന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‌ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട്‌ പാക്കിസ്‌താനും യുഎന്‍ സുരക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ക്കും കൈമാറുമെന്നു യു.എന്‍ വ്യക്താവ്‌ മാര്‍ട്ടിന്‍ നെസിര്‍ക്കി അറിയിച്ചു. മുന്‍ യു.എസ്‌ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസ്‌ ഉള്‍പ്പെടെ നാലുപേര്‍ക്ക്‌ ബേനസീര്‍ കൊല്ലപ്പെടുമെന്ന വിവരം നേരത്തെ അറിയാമായിരുന്നെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ബേനസീറിന്റെ ഭര്‍ത്താവും പാക്‌ പ്രസിഡന്‍റുമായ ആസിഫ്‌ അലി സര്‍ദാരി ആവശ്യപ്പെട്ടിരുന്നു. അഫ്‌ഗാന്‍ പ്രസിഡന്‍റ്‌ ഹാമിദ്‌ കര്‍സായി, സഊദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി മുഖ്‌റിന്‍ ബിന്‍ അബ്ദുള്‍ അസീസ്‌, യു.എ.ഇ രഹസ്യാന്വേഷണ വിഭാഗം മേധാവി എന്നിവരിലേക്കാണ്‌ സര്‍ദാരി വിരല്‍ ചൂണ്ടിയിരുന്നത്‌. ബേനസീറുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇവര്‍ ബേനസീറിന്റെ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ പലഘട്ടത്തിലും മുന്നറിയിപ്പ്‌ നല്‍കിയതായി സര്‍ദാരി ചൂണ്ടിക്കാട്ടുന്നു. ബേനസീറിന്റെ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ ഇവര്‍ക്ക്‌ എങ്ങനെ മുന്‍കൂട്ടി അറിയാനായി എന്നായിരുന്നു സര്‍ദാരിയുടെ ചോദ്യം. ഇവര്‍ക്ക്‌ നാലുപേര്‍ക്കും അറിയാവുന്ന വിവരങ്ങള്‍ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ്‌ സര്‍ദാരിയുടെ പക്ഷം. വിവരങ്ങള്‍ ആരായുന്നതിനായി ഇവരെ വിളിച്ചുവരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.എന്നിലെ പാകിസ്‌താന്‍ പ്രതിനിധി ഹുസൈന്‍ ഹാരൂണ്‍ ഐക്യരാഷ്ട്രസഭാ പ്രതിനിധികളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌. വിഷയത്തില്‍ പാക്‌ അന്വേഷകര്‍ക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സര്‍ദാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട്‌ അനുകൂലമായ സമീപനമല്ലായിരുന്നു ഐക്യരാഷ്ട്ര സഭ സ്വീകരിച്ചത്‌. ഇതിനെത്തുടര്‍ന്ന്‌്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പണം മാര്‍ച്ച്‌ മുപ്പതില്‍ നിന്ന്‌ മാറ്റിവക്കുകയായിരുന്നു. ബേനസീര്‍ വധം അന്വേഷിക്കാന്‍ ചില യു.എന്‍ അംബാസിഡര്‍ ഹെറാള്‍ഡോ മുനോസ്‌ അധ്യക്ഷനായ മൂന്നംഗ പാനലിനെ ഐക്യരാഷ്ട്രസഭയാണ്‌ നിയോഗിച്ചത്‌. ബേനസീര്‍ വധം സംബന്ധിച്ച്‌ അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞതായും ഇനി അന്വേഷകര്‍ക്ക്‌ താല്‍പര്യമില്ലാതെ വീണ്ടും അന്വേഷണം നടത്തില്ലെന്നും ഐക്യരാഷ്ട്രസഭാ വക്താവ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടില്‍ കൊലയാളികളെക്കുറിച്ച്‌ ഏതാനും സൂചനകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നാണ്‌ വിവരം. കുറ്റവാളിയായി ആരെയും ചൂണ്ടിക്കാണിക്കാതെ ചില സാധ്യതകള്‍ മാത്രം പറയുന്നത്‌ സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്നും റിപ്പോര്‍ട്ടുണ്ട്‌. മുമ്പ്‌, ബേനസിര്‍ ഭൂട്ടോയെ വധിച്ച തോക്ക്‌ ധാരിയെ തിരിച്ചറിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പാക്‌ ആഭ്യന്തരമന്ത്രാലയം നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ ഇതുവരെ ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. വടക്ക്‌ പടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ സ്വാബി സ്വദേശി ആണ്‌ കൊലയാളി എന്നാണ്‌ വാര്‍ത്ത വന്നത്‌. ഡി.എന്‍.എ പരിശോധന വഴിയാണ്‌ ഇത്‌ തെളിഞ്ഞതെന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്‌. കൊലയാളിയുടെ വീട്ടില്‍ റെയ്‌ഡും നടന്നുവെന്നായിരുന്നു വാര്‍ത്ത. ബേനസീറിന്റെ വധവുമായി ബന്ധപ്പെട്ട്‌ അവരുടെ ഭര്‍ത്താവ്‌ അസീഫ്‌ അലി സര്‍ദാരിയെ ചോദ്യം ചെയ്‌തുവെന്നും ഈ ചാനല്‍ നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പിന്നീട്‌ റിപ്പോര്‍ട്ട്‌ പിന്‍വലിക്കുകയും സര്‍ദാരിയോട്‌ മാപ്പപേക്ഷിക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെ ഒട്ടേറെ ഊഹക്കഥകള്‍ക്കപ്പുറം അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും വ്യക്തതയില്ലെന്ന ആരോപണത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന്‌ കാത്തിരുന്ന്‌ കാണേണ്ടതാണ്‌. 

അവീര്‍ ലേബര്‍ ക്യാമ്പില്‍ തീപിടിത്തം
പരിക്കേറ്റവര്‍ അതീവ ഗുരുതര നിലയില്‍
ദുബൈ: ഇന്നലെ രാത്രി 10.30 ഓടെ അവീറിലെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക്‌ പൊള്ളലേറ്റു. പാകിസ്‌ഥാനികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ്‌ എച്ച്‌ ബ്‌ളോക്കിലാണ്‌ തീപ്പിടിത്തമുണ്ടായത്‌.
ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്ന്‌ സമീപ റൂമുകളില്‍ താമസിക്കുന്ന മലയാളികള്‍ അറിയിച്ചു. 75 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌.
റൂമിലുള്ളവര്‍ ഉറങ്ങിക്കിടക്കവെയാണ്‌ അപകടമെന്നു കരുതുന്നു. കാരണം അറിവായിട്ടില്ല. സംഭവം നടന്നു മിനിറ്റുകള്‍ക്കകം കുതിച്ചെത്തിയ പോലിസും ആംബുലന്‍സ്‌ വിഭാഗവും ചേര്‍ന്നാണ്‌ രക്ഷാ പ്രവര്‍ത്തനം നടത്തിയത്‌. 

രണ്ടാമത്തെ ഉയരം കൂടിയ
കെട്ടിടം മക്കയില്‍; റോയല്‍ ക്ലോക്ക്‌ ടവര്‍

ദുബായ്‌: ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം മക്കയില്‍ ജൂണില്‍ ഉദ്‌ഘാടനം ചെയ്യും. ഹോട്ടല്‍ സമുച്ചയമാണ്‌ മെക്ക റോയല്‍ ക്ലോക്ക്‌ ടവര്‍. മക്ക ക്ലോക്ക്‌ ടവറിന്‌ 662 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ്‌ നിര്‍മ്മിതിയും 155 മീറ്റര്‍ ഉയരത്തില്‍ വര്‍ത്തുളാകൃതിയിലുള്ള ലോഹ നിര്‍മ്മിതിയുമുണ്ട്‌. ആകെ 828 മീറ്റര്‍ ഉയരം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതിയുള്ള ദുബൈയിലെ ബുര്‍ജ്‌ ഖാലിഫയെക്കാള്‍ 11 മീറ്റര്‍ ഉയരം മാത്രമാണ്‌ മാത്രമാണ്‌ മക്ക റോയല്‍ ക്ലോക്ക്‌ ടവറിന്‌ കുറവുള്ളത്‌.പകല്‍ 12 കിലോമീറ്റര്‍ അകലെ നിന്നും രാത്രിയിലെ പ്രഭാപൂരത്തില്‍ 17 കിലോമീറ്റര്‍ അകലെ നിന്നും കെട്ടിട സമുച്ചയത്തിന്റെ ദൃശ്യം കാണാന്‍ സാധിക്കും. പുതിയ ടവറില്‍ ഉള്ള ക്ലോക്കിന്‌ ലണ്ടനിലെ പ്രശസ്‌തമായ ?ബിഗ്‌ ബെന്നിനെക്കാള്‍ വലുപ്പം കൂടുതലുണ്ട്‌. നിലവില്‍ ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി 508 മീറ്റര്‍ ഉയരമുള്ള തയ്‌വാനിലെ `തായ്‌പേയ്‌ 101' ന്‌ ആണ്‌. എന്നാല്‍, നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മെക്ക ക്ലോക്ക്‌ ടവറിന്റെ കോണ്‍ക്രീറ്റ്‌ നിര്‍മ്മിതിക്കു മാത്രമായി ഇതിലേറെ ഉയരമുണ്ട്‌. 

ശൈഖ്‌ ഹമദ്‌ ബിന്‍ സായിദ്‌ അഡിയ ചെയര്‍മാന്‍
ദുബൈ: അബൂദാബി ഇന്‍വെസ്‌റ്റ്‌മെന്‍റ്‌ അതോറിറ്റിക്ക്‌ പുതിയ സാരഥികളായി. സ്‌ഥാപനത്തിന്‍െറ പുതിയ മാനേജിങ്‌ ഡയറക്‌ടറായി ശൈഖ്‌ ഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്‌യാനെ പ്രസിഡന്‍റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായിദ്‌ ആല്‍ നഹ്‌യാന്‍ നാമനിര്‍ദേശം ചെയ്‌തു. ലോകത്തെ ഏറ്റവും വലിയ പൊതു ധനകാര്യ സ്‌ഥാപനമായ അബൂദാബി ഇന്‍വെസ്‌റ്റ്‌മെന്‍റ്‌ അതോറിറ്റിയുടെ നിലവിലെ മാനേജിങ്‌ ഡയറക്‌ടര്‍ ശൈഖ്‌ അഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്‌യാന്‍െറ നിര്യാണത്തെതുടര്‍ന്നാണ്‌ അതോറിറ്റിക്ക്‌ പുതിയ മാനേജിങ്‌ ഡയറക്‌ടറെ തെരഞ്ഞെടുത്തത്‌. പ്രസിഡന്‍റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായിദ്‌ ആല്‍ നഹ്‌യാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അബൂദാബി കിരീടാവകാശിയും സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്‌യാന്‍, പ്രസിഡന്‍റിന്‍െറ പ്രതിനിധി ശൈഖ്‌ സുല്‍ത്താന്‍ ബിന്‍ സായിദ്‌ ആല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ്‌ മന്ത്രിയുമായ ശൈഖ്‌ മന്‍സൂര്‍ ബിന്‍ സായിദ്‌ ആല്‍ നഹ്‌യാന്‍ എന്നിവര്‍ പങ്കെടുത്തു. ധനവകുപ്പ്‌ ചെയര്‍മാന്‍ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ ഖലീഫ ആല്‍ നഹ്‌യാന്‍, പ്രസിഡന്‍റിന്‍െറ ഉപദേഷ്‌ടാവ്‌ മുഹമ്മദ്‌ ഹബ്‌റൂഷ്‌ ആല്‍ സുവൈദി, അണ്ടര്‍സെക്രട്ടറിമാരായ ഡോ. ജുആന്‍ സാലെം അദ്ദഹ്‌രി, ഹമദ്‌ മുഹമ്മദ്‌ അല്‍ ഹര്‍ അല്‍ സുവൈദി, യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്‌ ചെയര്‍മാന്‍ ഖലീല്‍ മുഹമ്മദ്‌ ഷരീഫ്‌ ഫുലാദി എന്നിവരാണ്‌ ഡയറക്‌ടര്‍ ബോര്‍ഡിലെ മറ്റ്‌ അംഗങ്ങള്‍.  

നടി ഗോപിക അമ്മയായി
 ഡബ്ലിന്‍: നടി ഗോപിക അമ്മയായി. ഭര്‍ത്താവ്‌ ഡോ. അജിലേഷുമൊത്ത്‌ അയര്‍ലണ്ടില്‍ താമസിക്കുന്ന ഗോപിക അവിടെ സ്വകാര്യ ആസ്‌പത്രിയിലാണ്‌ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്‌. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അടുത്തു തന്നെ ഗോപികയുടെ മാതാപിതാക്കള്‍ അയര്‍ലണ്ടിലേക്കു പോകും. ഗോപികയും ഭര്‍ത്താവും കുഞ്ഞും വരുന്ന ആഗസ്റ്റില്‍ ഇന്ത്യയിലെത്തും. 2008-ലായിരുന്നു ഗോപിക-അജിലേഷ്‌ വിവാഹം. വിവാഹത്തോടെ കുറച്ചുകാലം സിനിമയില്‍ നിന്ന്‌ വിട്ടു നിന്ന ഗോപിക `സ്വന്തം ലേഖകന്‍' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചിരുന്നു.

ക്വറ്റയിലെ ആസ്‌പത്രിയില്‍
ചാവേര്‍ ആക്രമണം; എട്ടു മരണം
ക്വറ്റ: തെക്കു പടിഞ്ഞാറന്‍ പാകിസ്‌താനിലെ ക്വറ്റയിലെ ആസ്‌പത്രിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. രണ്ട്‌ പോലീസ്‌ ഉദ്യോഗസ്ഥരും ഒരു ടെലിവിഷന്‍ ക്യാമറാമാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചാവേര്‍ തീവ്രവാദിയാണ്‌ സ്‌ഫോടനം നടത്തിയത്‌. ആസ്‌പത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കവാടത്തിലാണ്‌ സ്‌ഫോടനം നടന്നത്‌. മരണസംഖ്യ ഉയരാനിടയുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. സ്‌ഫോടനത്തിന്‌ ശേഷം ആശുപത്രിക്ക്‌ നേരെ വെടിവെപ്പുമുണ്ടായി. ബലൂചിസ്‌താന്‍ പ്രവിശ്യയിലുള്ള ക്വറ്റ താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്‌.
ചൈനയിലെ ഭൂകമ്പം: മരണം 800 കവിഞ്ഞു
ബെയ്‌ജിങ്‌: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ചിന്‍ഹായ്‌ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ട്‌ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. 10,000 പേര്‍ക്ക്‌ പരിക്കുപറ്റി. ടിബറ്റ്‌ അതിര്‍ത്തിയോടുചേര്‍ന്നുള്ള യുഷു മേഖലയിലാണ്‌ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. പ്രശസ്‌തമായ ചിന്‍ഹായ്‌ടിബറ്റ്‌ റെയില്‍പ്പാതയില്‍നിന്ന്‌ 400 കിലോമീറ്റര്‍ മാറി ലാസക്കും ഷൈനിങ്ങിനും ഇടക്ക്‌, ഷംഗ്ലാക്‌സിയുവിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കല്‍ക്കരി, ചെമ്പ്‌, ഈയം ഖനികള്‍ ധാരാളമുള്ള ഈ പ്രദേശത്ത്‌ പ്രധാനമായും ടിബറ്റ്‌ വംശജരാണ്‌ താമസിക്കുന്നത്‌. ഇന്ത്യക്കാര്‍ക്കാര്‍ക്കും അപകടം സംഭവിച്ചതായി വിവരമില്ലെന്ന്‌ ബെയ്‌ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഭൂചലനത്തില്‍ യുഷുവിലെ പ്രധാന പട്ടണമായ ജ്യൂഗുവിലെ 85 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഒട്ടേറെ തുടര്‍ചലനങ്ങളുമുണ്ടായി. വാര്‍ത്താവിനിമയ ബന്ധവും റോഡുഗതാഗതവും താറുമാറായെങ്കിലും യുഷു വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ വര്‍ഷമുണ്ടാകുന്ന മൂന്നാമത്തെ പ്രധാന ഭൂകമ്പമാണ്‌ ചൈനയിലേത്‌. ഫെബ്രുവരിയില്‍ ചിലിയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 450 പേരാണ്‌ മരിച്ചത്‌. ജനുവരിയില്‍ ഹെയ്‌തിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2,30,000 പേര്‍ മരിച്ചു. ചൈനയിലെ സിചുവാനില്‍ രണ്ടു വര്‍ഷംമുമ്പ്‌ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. അതില്‍ 90,000 പേരാണ്‌ മരിച്ചത്‌.


സുഡാനില്‍ തെരഞ്ഞെടുപ്പിനിടെ
വെടിവെപ്പ്‌: ഒന്‍പത്‌ മരണം

നൈറോബി: സുഡാന്‍ പൊതുതെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ ഒന്‍പത്‌ പേര്‍ കൊല്ലപ്പെട്ടു. അഞ്ചു ദിവസം നീണ്ടുനിന്ന പ്രസിഡന്‍ഷ്യല്‍-പാര്‍മെന്റ്‌ തെരഞ്ഞെടുപ്പുകള്‍ വ്യാഴാഴ്‌ചയാണ്‌ സമാപിച്ചത്‌. നാഷണല്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി പ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടവര്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സൈന്യം വെടിവെക്കുകയായിരുന്നു. എന്‍.സി.പിക്ക്‌ പുറമെ എസ്‌.പി.എല്‍.എം ആണ്‌ മത്സരരംഗത്തുള്ള പ്രധാന പാര്‍ട്ടി. അതേസമയം, മുഖ്യ പാര്‍ട്ടിയായ എന്‍.സി.പി എതിര്‍ പാര്‍ട്ടിക്കാരെയും സര്‍ക്കാര്‍ രൂപീകരണത്തിന്‌ ക്ഷണിച്ചത്‌ ശ്രദ്ധേയമായി. വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടുകയാണാവശ്യം. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നും മറ്റും ആരോപിച്ച്‌ പ്രക്ഷോഭത്തിനിറങ്ങുന്നത്‌ വികസനത്തെ പിന്നോട്ടടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. നാളെയാണ്‌ വോട്ടെണ്ണല്‍.
 

ബിന്‍ ലാദനും ഫേസ്‌ ബുക്കില്‍
 

ലണ്ടന്‍: അല്‍ഖാഇദ നേതാവ്‌ ഉസാമ ബിന്‍ ലാദന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌. ദ ലീഡര്‍ ഓഫ്‌ ദ മുജാഹിദ്ദീന്‍ എന്ന പേരിലാണ്‌ ലാദന്‍ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നതത്രെ. റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ പേജ്‌ നിരോധിക്കാന്‍ ഫേസ്‌ ബുക്ക്‌ അധികൃതരോട്‌ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌ പത്രമായ ദ സണ്ണിന്റേതാണ്‌ റിപ്പോര്‍ട്ട്‌. അറബിക്‌ ഭാഷയാണ്‌ പേജില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും സന്ദേശങ്ങള്‍ ഇംഗ്ലീഷിലാണ്‌. ലോകത്തെ പര്‍വ്വതങ്ങളില്‍ എന്നാണ്‌ മേല്‍വിലാസമായി ലാദന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. വീഡിയോ ദൃശ്യങ്ങളും പ്രസംഗങ്ങളും പോസ്റ്റ്‌ ചെയ്യാനായിട്ടാണ്‌ ലാദന്‍ ഫേസ്‌ബുക്കില്‍ അക്കൌണ്ട്‌ തുടങ്ങിയതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌്‌. നിലവില്‍ അല്‍ഖാഇദയുടെ വെബ്‌സൈറ്റുകള്‍ വഴിയും ചില അറബ്‌ ചാനലുകള്‍ വഴിയുമാണ്‌ ബിന്‍ലാദന്റെ സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവിടുന്നത്‌. ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ആശയപ്രചാരണത്തിലൂടെ കൂടുതല്‍ അണികളെ സംഘടനയിലേക്ക്‌ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഫേസ്‌ബുക്കിലെ സാനിധ്യം. ഒരു മാസത്തിന്‌ മുമ്പ്‌ മാത്രമാണ്‌ ഫേസ്‌ ബുക്കില്‍ ഈ പേജ്‌ പ്രത്യക്ഷപ്പെട്ടത്‌. എന്നാല്‍ ഇതിനോടകം തന്നെ ആയിരത്തോളം പേര്‍ ഈ പേജിലെ സ്ഥിരം സന്ദര്‍ശകരായിട്ടുണ്ട്‌.

പരേതന്‍ മേയറായി

വാഷിംഗ്‌ടണ്‍: മരിച്ച വ്യക്തി അമേരിക്കയില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു !. ചെറുപട്ടണമായ ട്രേയ്‌സി സിറ്റിയിലാണ്‌ സംഭവം. കാള്‍ ഗിയറി എന്നയാളാണ്‌ മരിച്ചിട്ടും വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലമായിരുന്നു ഗിയറി മരിച്ചത്‌. എന്നാല്‍ വോട്ടെടുപ്പ്‌ കഴിഞ്ഞപ്പോള്‍ എതിരാളിയെക്കാള്‍ മൂന്ന്‌ മടങ്ങ്‌ അധികം വോട്ടുകളാണ്‌ ഗിയറി നേടിയത്‌. എതിരാളിക്ക്‌ 85 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗിയറിക്ക്‌ 285 വോട്ടുകള്‍ ലഭിച്ചു. ഗിയറിയുടെ വിജയവാര്‍ത്ത തന്നെ അതിശയിപ്പിക്കുന്നില്ലെന്നാണ്‌ അദ്ദേഹത്തിന്‍റെ വിധവ സൂസന്‍ ഗിയറി പറയുന്നത്‌. കാരണം ഗിയറി മരിച്ചപ്പോള്‍ ആളുകള്‍ നല്‍കിയ സ്‌നേഹവും സഹകരണവും അത്രക്ക്‌ വലുതായിരുന്നു. പുതിയ മേയറെ തീരുമാനിക്കാനുള്ള അധികാരം അവര്‍ നാലു കൗണ്‍സിലര്‍മാര്‍ക്കുമായി വിട്ടിരിക്കുയാണ്‌.

ബ്രിക്ക്‌ ഉച്ചകോടി ശ്രദ്ധേയമായി

ഒന്നിച്ച്‌, കരുത്തോടെ 
`ബ്രിക്ക്‌' രാഷ്‌ട്രത്തലവന്മാരായ ലുല ഡി സില്‍വ (ബ്രസീല്‍ പ്രസിഡന്റ്‌) ദിമിത്രി എ മെഡ്‌വദേവ്‌ (റഷ്യന്‍ പ്രസിഡന്റ്‌) ഹു ജിന്റാവോ (ചൈനീസ്‌ പ്രസിഡന്റ്‌) ഡോ.മന്‍മോഹന്‍ സിംഗ്‌ (ഇന്ത്യന്‍ പ്രധാനമന്ത്രി) എന്നിവര്‍ ബ്രസീല്‍ ഉച്ചകോടിക്ക്‌ ശേഷം കൈകോര്‍ത്തപ്പോള്‍.
 
ബ്രസീലിയ: അമേരിക്കയില്‍ നടന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി, ഡോ. മന്‍മോഹന്‍ സിംഗ്‌ ബ്രിക്ക്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തി. ബ്രസീല്‍, റഷ്യ, ചൈന രാഷ്‌ട്ര നേതാക്കളുമായി അദ്ദേഹം ബ്രസീലില്‍ വെച്ച്‌ കൂടിക്കാഴ്‌ച നടത്തി. സാമ്പത്തിക പാരിസ്ഥിതിക രംഗത്ത്‌ സഹകരിച്ച്‌ നീങ്ങാമെന്ന പ്രഖ്യാപനത്തോടെയാണ്‌ ബ്രിക്ക്‌ ഉച്ചകോടി പിരിഞ്ഞത്‌. ഇന്നദ്ദേഹം ദ.ആഫ്രിക്കയിലേക്ക്‌ തിരിക്കും. ഇന്നലെ പോവേണ്ടിയിരുന്ന അദ്ദേഹത്തിന്‌ ഐസ്‌ലാന്‍ഡിലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തെതുടര്‍ന്ന്‌ താറുമാറായ വിമാന യാത്ര തടസ്സമാവുകയായിരുന്നു. ദക്ഷിണാഫ്രിക്ക ഉച്ചകോടിക്ക്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങും.
മുംബൈ ഭീകരാക്രമണം: പാക്കിസ്‌താന്‌
കൂടുതല്‍ തെളിവുകള്‍ നല്‍കേണ്ടതില്ല-പ്രധാനമന്ത്രി
വാഷിംഗ്‌ടണ്‍: മുംബൈ ഭീകരാക്രമത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ കൂടുതല്‍ തെളിവു വേണമെന്ന്‌ പാക്കിസ്‌താന്‍ പ്രധാനമന്ത്രി യൂസുഫ്‌ റാസ ഗീലാനിയുടെ ആവശ്യം ഇന്ത്യ തള്ളി.
ഇക്കാര്യത്തില്‍ പാക്കിസ്‌താന്‌ കൂടുതല്‍ തെളിവുകള്‍ നല്‍കേണ്ട ആവശ്യമില്ലെന്ന്‌്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടികളില്ലാതെ പാക്കിസ്‌താനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്‌ടണില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഫിസ്‌ സഈദിനെപ്പോലുള്ള ലഷ്‌കര്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന്‌്‌ ഗീലാനി പറഞ്ഞിരുന്നു. പ്രശ്‌നത്തില്‍ ഗീലാനിയുമായി വാദപ്രതിവാദം ആഗ്രഹിക്കുന്നില്ല. ലഷ്‌കറിന്‌ അല്‍ഖാഇദയുമായുള്ള ബന്ധം അമേരിക്കയും രഹസ്യാന്വേഷണ വിഭാഗവും നിരവധി തവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്ത്യാ-പാക്‌ പ്രശ്‌നത്തില്‍ അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ ഇടപെടേണ്ടതില്ല.
മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള പലര്‍ക്കുമെതിരെ നിയമ നടപടി എടുക്കാത്തതില്‍ പ്രധാനമന്ത്രി നിരാശ പ്രകടിപ്പിച്ചു. സഈദ്‌ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണ്‌. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരലാണ്‌ പാക്കിസ്‌താനില്‍നിന്ന്‌ ഇന്ത്യ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ നടപടി. ഇത്‌ നിറവേറ്റിയാല്‍ എല്ലാ വിഷയങ്ങളിലും പാക്കിസ്‌താനുമായി ചര്‍ച്ചചെയ്യാന്‍ ഇന്ത്യക്ക്‌ സന്തോഷമാണുള്ളതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. 
 

പാക്കിസ്‌താന്‍ ഇന്ത്യന്‍ ടി.വി.
ചാനലുകള്‍ നിരോധിക്കുന്നു

ഇസ്‌്‌ലാമാബാദ്‌: പാക്കിസ്‌താനില്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം വിലക്കണമെന്ന്‌ പാക്‌ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ചാനലുകളെല്ലാം ദുരാചാരപരമായ പരിപാടികളാണ്‌്‌ അവതരിപ്പിക്കുന്നതെന്നും അതിനാല്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക്‌ എത്രയും വേഗം വിലക്കേര്‍പ്പെടുത്തണമെന്നുമാണ്‌ പാക്‌ പാര്‍ലമെന്ററി സമിതിയുടെ നിലപാട്‌. ഇന്ത്യന്‍ ചാനലുകളുടെ പല പരിപാടികളും പാക്‌ സംസ്‌കാരത്തിന്‌ യോജിച്ചതല്ലെന്ന്‌ പാര്‍ലമെന്ററി സമിതി ചെയര്‍പേഴ്‌സണ്‍ ബീഗം ബെലിയം ഹസനൈന്‍ പറഞ്ഞു. പാക്കിസ്‌താനിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇതുസംബന്ധിച്ച്‌ വിശദീകരണ റിപ്പോര്‍ട്ട്‌ കൈമാറിയിട്ടുണ്ട്‌. ഇന്ത്യന്‍ ചാനലുകള്‍ എത്രയും പെട്ടെന്ന്‌ വിലക്കാനാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ തീരുമാനത്തോട്‌ പൊതുജനവും കേബിള്‍ ഓപ്പറേറ്റര്‍മാരും സഹകരിക്കണമെന്നും ഹസനൈന്‍ ആവശ്യപ്പെട്ടു. അനാചാര പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ പാക്കിസ്‌താനിലെ യുവതലമുറയെ സംരക്ഷിക്കേണ്ടതുണ്ട്‌. അതിനാല്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തേണ്ടതാണ്‌. പാക്കിസ്‌താനിലെ നിരവധി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന്‌ നിയന്ത്രണം കൊണ്ടുവരുമെന്നും ഹസനൈന്‍ പറഞ്ഞു.
വെസ്‌റ്റ്‌ബാങ്കില്‍ ഇസ്രാഈല്‍ സൈന്യം തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്ക്‌
മുന്നില്‍നിന്ന്‌ വിലപിക്കുന്ന ഫലസ്‌തീന്‍ വൃദ്ധ. 


 വെസ്റ്റ്‌ബാങ്കില്‍ ഫലസ്‌തീന്‍ വീടുകള്‍ ഇസ്രാഈല്‍ പൊളിച്ചുതുടങ്ങി 

ജറൂസലേം: വെസ്റ്റ്‌ബാങ്കില്‍നിന്ന്‌ ഫലസ്‌തീനികളെ പുറത്താക്കാന്‍ ഇസ്രാഈല്‍ സൈന്യത്തിന്‌ നിര്‍ദ്ദേശം ലഭിച്ചു. മുഴുവന്‍ ഫലസ്‌തീനികളേയും പുറത്താക്കി വെസ്റ്റ്‌ബാങ്ക്‌ ശൂന്യമാക്കാനാണ്‌ സൈന്യത്തിന്‌ ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഉത്തരവ്‌ ചൊവ്വാഴ്‌ച മുതല്‍ നടപ്പാക്കിത്തുടങ്ങിയ ഇസ്രാഈല്‍ സൈന്യം നിരവധി ഫലസ്‌തീന്‍ വീടുകള്‍ പൊളിച്ചതായി ഇസ്രാഈല്‍ മനുഷ്യാവകാശ സംഘടനയായ ഹാമോകദ്‌ പറയുന്നു. അനധികൃതമായി നിര്‍മ്മിച്ചവയെന്ന്‌ ആരോപിച്ചാണ്‌ വീടുകള്‍ പൊളിച്ചുനീക്കുന്നത്‌. ഇസ്രാഈല്‍ സൈന്യത്തിന്റെ അനുമതിയില്ലാതെ വെസ്റ്റ്‌ ബാങ്കില്‍ ജീവിക്കുന്നവരെയെല്ലാം നുഴഞ്ഞുകയറ്റക്കാരായാണ്‌ ഇസ്രാഈല്‍ സൈന്യം കാണുന്നത്‌. വെസ്റ്റ്‌ബാങ്കില്‍ ജനിച്ച്‌ ഏറെക്കാലമായി അവിടെ ജീവിക്കുന്നവര്‍ക്കുമേല്‍ പോലും ഇസ്രാഈലില്‍ പുതിയ നിയമം അടിച്ചേല്‍പ്പിക്കുകയാണ്‌. ഉത്തരവ്‌ നടപ്പാക്കിത്തുടങ്ങിയതോടെ പതിനായിരക്കണക്കിന്‌ ഫലസ്‌തീനികള്‍ ഭീതിയിലാണ്‌. ഉത്തരവ്‌ നടപ്പാക്കുന്നതില്‍നിന്ന്‌ പിന്‍മാറണമെന്ന്‌്‌ പത്ത്‌ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രാഈല്‍ പ്രതിരോധ മന്ത്രി യെഹൂദ്‌ ബറാക്കിനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്‌ച രാത്രി വരെ ഇതേക്കുറിച്ച്‌ അധികൃതരില്‍നിന്ന്‌ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന്‌ ഹാമോകദ്‌ വക്താവ്‌ ഇലാദ്‌ കഹാന പറയുന്നു. ഫലസ്‌തീനികള്‍ക്ക്‌ ജീവിതം നിഷേധിക്കുന്ന ഉത്തരവ്‌ നടപ്പാക്കുന്നത്‌ എന്തു വില കൊടുത്തും തടയുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഇസ്രാഈല്‍ സര്‍ക്കാറിന്റെ നടപടിയെ ഫലസ്‌തീന്‍ അപലപിച്ചു. അപകടകരവും നാടകീയവുമാണ്‌ ഇസ്രാഈല്‍ തീരുമാനമെന്ന്‌ വെസ്റ്റ്‌ബാങ്കിലെ ഫലസ്‌തീന്‍ സര്‍ക്കാര്‍ വക്താവ്‌ ഗസ്സാന്‍ അല്‍ ഖാതിബ്‌ പറഞ്ഞു. അറബ്‌ രാജ്യങ്ങളുടെ പിന്തുണയോടെ പ്രശ്‌നം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഫലസ്‌തീന്‍ ശ്രമിക്കുന്നുണ്ട്‌. ഇസ്രാഈല്‍ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭയെ സമീപിക്കാന്‍ അറബ്‌ ലീഗ്‌ തീരുമാനിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ യു.എന്‍. ജനറല്‍ അസംബ്ലിയുടെ അടിയന്തര യോഗം വിളിക്കണമെന്ന്‌ അറബ്‌ ലീഗ്‌ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ ഫലസ്‌തീനികള്‍ക്ക്‌ അറബ്‌ ലീഗ്‌ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്‌. 


പള്ളിയുടെ ചുമരില്‍ ജൂതകുടിയേറ്റക്കാര്‍ എഴുതിയ
മുദ്രാവാക്യങ്ങള്‍ മായ്‌ക്കുന്നു.


വെസ്റ്റ്‌ബാങ്കില്‍ പള്ളിക്കുനേരെ ആക്രമണം
ഗാസ: വെസ്റ്റ്‌ബാങ്കിലെ നബുലസിന്‌ സമീപം ഹുവാര ഗ്രാമത്തില്‍ മുസ്‌്‌ലിം പള്ളിക്കുനേരെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ ജൂതകുടിയേറ്റക്കാര്‍ പള്ളിയുടെ ചുമരുകളില്‍ അസഭ്യങ്ങള്‍ എഴുതിവെക്കുകയും ഒലീവ്‌ മരങ്ങള്‍ പിഴുതുമാറ്റുകയുംചെയ്‌തു. നിരവധി കാറുകള്‍ അഗ്നിക്കിരയാക്കി. ജൂതമുദ്രാവാക്യങ്ങള്‍ എഴുതി പള്ളിയുടെ ചുമരുകള്‍ വൃത്തികേടാക്കിയതായി ഫലസ്‌തീനികള്‍ ആരോപിക്കുന്നു.
ഏതാനും ദിവസം മുമ്പ്‌ യാസുഫ്‌ ഗ്രാമത്തിലെ ഒരു പള്ളിയിലും സമാന ആക്രമണം നടന്നിരുന്നു. സംഭവം ഇസ്രാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന്‌്‌ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 2009 ഡിസംബറിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്‌ ഒരു ജൂത പുരോഹിതനെ അറസ്‌റ്റുചെയ്‌തിരുന്നെങ്കിലും തെളിവില്ലെന്ന്‌ പറഞ്ഞ്‌ വിട്ടയച്ചു.

  ജീവിതം കൊണ്ട്‌ ഒരു മരണക്കളി..
ഒമ്പത്‌ മീറ്റര്‍ ഉയരത്തില്‍ കുറുകെ വലിച്ചുകെട്ടിയ കയറിന്‌ മുകളിലൂടെ കടന്നുപോകുന്ന സൈക്കിള്‍ അഭ്യാസിയും പിന്നില്‍ അടിതെറ്റാതെ നടന്നുനീങ്ങുന്ന മൂന്ന്‌ വയസ്സുള്ള പെണ്‍കുട്ടിയും. താഴെ പെണ്‍കുട്ടിയെ കാത്ത്‌ ആര്‍ത്തിയോടെ കിടക്കുന്ന വിശന്നു വലഞ്ഞ സൈബീരിയന്‍ കടുവകള്‍. ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലുള്ള ഒരു മൃഗശാലയില്‍ ഒരുക്കിയ അപകടം നിറഞ്ഞ സര്‍ക്കസ്‌ അഭ്യാസം
 

ഒബാമക്ക്‌ സൗഹൃദത്തിന്റെ
പേര്‍ഷ്യന്‍ കത്ത്‌‌


തെഹ്‌റാന്‍: ഇറാനെ ഉപരോധത്തിലൂടെ വീര്‍പ്പുമുട്ടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അമേരിക്കക്ക്‌ പ്രസിഡണ്ട്‌ അഹ്‌‌മദി നെജാദിന്റെ സൗഹൃദഹസ്‌തം. ഇറാന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും ബഹുമാനവും അംഗീകരിക്കുന്ന കാലത്തോളം അമേരിക്കയുമായി സഹകരിക്കാനും ചര്‍ച്ചചെയ്യാനും തയ്യാറാണെന്ന്‌ ഇറാന്‍ ടെലിവിഷനിലൂടെ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ നെജാദ്‌ പറഞ്ഞു.
സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും മേഖലകളിലേക്ക്‌ അമേരിക്കയെ ക്ഷണിച്ചുകൊണ്ട്‌ യു.എസ്‌. പ്രസിഡണ്ട്‌ ഒബാമക്ക്‌ കത്തയച്ചതായി നെജാദ്‌ അറിയിച്ചു. ഏറ്റുമുട്ടലിന്റെ പാതയല്ല ഇറാന്‍ ആഗ്രഹിക്കുന്നത്‌. സമാധാനത്തിന്റെ വഴിയോടാണ്‌ രാജ്യത്തിന്‌ എന്നും താല്‍പര്യം. ആണവപദ്ധതികള്‍ സമാധാന ആവശ്യങ്ങള്‍ക്കാണെന്ന്‌ ഇറാന്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയതാണെന്നും നെജാദ്‌ പറഞ്ഞു. ഇറാഖിലും അഫ്‌ഗാനിസ്‌താനിലും നേരിട്ട തിരിച്ചടികള്‍ക്ക്‌ ശേഷം ഒബാമക്ക്‌ വിജയിക്കാനുള്ള ഏക അവസരമാണ്‌ ഇറാന്‍. ഇത്‌ വൈകാരിക സംസാരമല്ല. തികച്ചും ശാസ്‌ത്രീയമാണിത്‌. രാഷ്ട്രത്തലവനെന്ന നിലക്ക്‌ ഒബാമക്ക്‌ വിജയിക്കാം. അതിലൂടെ ലോകക്രമത്തില്‍ താന്‍ പുതിയ മാറ്റം കൊണ്ടുവന്നുവെന്ന്‌ അദ്ദേഹത്തിന്‌ അഭിമാനിക്കുകയും ചെയ്യാം. ഫലസ്‌തീനില്‍ അദ്ദേഹത്തിന്‌ ഒന്നും ചെയ്യാനാവില്ല. അവിടെ അദ്ദേഹത്തിന്‌ യാതൊരു അവസരവുമില്ല. ഇറാഖില്‍ അദ്ദേഹത്തിന്‌ എന്തു ചെയ്യാന്‍ പറ്റും? ഒന്നുമില്ല. അഫ്‌ഗാനിസ്‌താനിലെ സ്ഥിതിയും വളരെ സങ്കീര്‍ണ്ണമാണ്‌. ഇറാനെ സ്വീകരിക്കുകയും ആദരിക്കുകയും സഹകരണത്തിന്റെ പാതയിലേക്ക്‌ വരികയുമാണ്‌ അദ്ദേഹത്തിന്‌ ചെയ്യാവുന്ന ഏറ്റവും നല്ല വഴി. അതോടെ പുതിയ അവസരങ്ങള്‍ ഒബാമക്ക്‌ മുന്നില്‍ രൂപപ്പെടും-നെജാദ്‌ പറഞ്ഞു.
കിട്ടിയ അവസരം ഒബാമ പാഴാക്കരുത്‌. ഇറാനെ ഭീഷണിപ്പെടുത്തുന്നതില്‍നിന്ന്‌്‌ ഒബാമ മാറിനില്‍ക്കേണ്ടിയിരിക്കുന്നു. ഇറാനെ അമേരിക്കക്ക്‌ തകര്‍ക്കാന്‍ കഴിയുന്ന യുഗം അവസാനിച്ചിരിക്കുന്നു-നെജാദ്‌ കൂട്ടിച്ചേര്‍ത്തു. ഒബാമക്ക്‌ അയച്ച കത്തിന്റെ ഉള്ളടക്കം വൈകാതെ പുറത്തുവിടുമെന്നും നെജാദ്‌ അറിയിച്ചു. 


എണ്ണ വില വര്‍ധന തുടര്‍ന്നാല്‍
ഒപെക്‌ ഉല്‍പാദനം വര്‍ധിപ്പിക്കും

ദുബൈ: എണ്ണ വില നിലവിലെ ഉയര്‍ന്ന തലത്തില്‍ തുടര്‍ന്നാല്‍ താഴോട്ടുകൊണ്ടുവരുന്നതിന്‌ പെട്രോള്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക്‌ തീരുമാനം. ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 90- 95 ഡോളറിലെത്തിയാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ്‌ സഊദി അറേബ്യ അടക്കമുള്ള അംഗ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്‌. ഇന്നലെ 83.80 ഡോളറാണ്‌ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ ബാരലിന്‌ വില. കുറെ ദിവസങ്ങളായി വില വര്‍ധിച്ചുവരുന്നത്‌ ആഗോള തലത്തില്‍ ഭീഷണിയായിട്ടുണ്ട്‌. വില പരിധി വിട്ട്‌ വര്‍ധിക്കുന്നത്‌ ലോകത്തിന്റെ തിരിച്ചുവരവിനെ ബാധിക്കുമെന്നാണ്‌ ആശങ്ക. 70- 80 ഡോളറില്‍ നിലനില്‍ക്കുന്നത്‌ ഏറ്റവും ആരോഗ്യകരമായിരിക്കുമെന്ന്‌ ഒപെക്‌ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. അതില്‍ കുറയുന്നത്‌ ഉല്‍പാദക രാജ്യങ്ങള്‍ക്ക്‌ പ്രതികൂലമാവുമെങ്കില്‍ കൂടുന്നത്‌ ഉപഭോക്‌തൃ രാജ്യങ്ങള്‍ക്കും ദോഷം ചെയ്യും.
ഉല്‍പാദനം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച്‌ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്നും എന്നാല്‍, വില 90 ഡോളര്‍ കവിഞ്ഞാല്‍ തീര്‍ച്ചയായും ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്‌ അടിയന്തര വിഷയമായി പരിഗണിക്കുമെന്നും ഒരു മുതിര്‍ന്ന ഒപെക്‌ പ്രതിനിധിയെ ഉദ്ധരിച്ച്‌ പ്രമുഖ വാര്‍ത്താ ഏജന്‍സി അറിയിച്ചു. മാന്ദ്യം പെട്രോളിയം ഉല്‍പന്നങ്ങളുടെ അതി ഭീകരമായി കുറച്ച്‌ 35 ഡോളറിലെത്തിയതോടെ ഒപെക്‌ പെട്രോളിയം ഉല്‍പാദനം ഗണ്യമായി കുറച്ചിരുന്നു. 2009 മധ്യം വരെ ഈ അവസ്‌ഥ തുടര്‍ന്നെങ്കിലും പിന്നീട്‌ പല ഉല്‍പാദക രാജ്യങ്ങളും നിലപാട്‌ മാറ്റിത്തുടങ്ങി. ലോകം പതിയെ മാന്ദ്യത്തിന്‍െറ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടുവരുന്നതിന്‍െറ സൂചന നല്‍കി പെട്രോളിയം വിപണി വീണ്ടും 80നു മുകളില്‍ എത്തിയതോടെ ഉല്‍പാദനം വര്‍ധിപ്പിച്ച്‌ പ്രതിസന്ധി ഒഴിവാക്കണമെന്ന ആവശ്യം ശക്‌തമാണ്‌. വില വര്‍ധന താല്‍ക്കാലിക പ്രതിഭാസമല്ലെന്ന്‌ ഉറപ്പായാല്‍ വര്‍ധിപ്പിക്കല്‍ പരിഗണിക്കുമെന്നു ലിബിയന്‍ പ്രതിനിധി ശൗക്‌രി ഗാനിം അറിയിച്ചു. ഉല്‍പാദനം കുറക്കുന്നതും വര്‍ധിപ്പിക്കുന്നതും സംബന്ധിച്ച്‌ ഒപെകിന്‌ കൃത്യമായ മാനദണ്‌ഡങ്ങള്‍ നിലവിലില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ഒപെക്‌ യോഗവും ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നില്ല. ഒക്‌ടോബറിലാണ്‌ സംഘടനയുടെ അടുത്ത യോഗം തീരുമാനിച്ചിട്ടുള്ളത്‌. അടിയന്തര ഘട്ടം വന്നാല്‍ അതിനു മുമ്പു തന്നെ യോഗം ചേര്‍ന്ന്‌ ആവശ്യമായ നടപടി സ്വീകരിക്കും.


അബൂദാബിയില്‍ വനിതക്ക്‌ ആദ്യ ജീവപര്യന്തം
അബൂദാബി: എമിറേറ്റിന്‍െറ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. മയക്കു മരുന്ന്‌ കടത്തിയ സംഭവത്തിലാണ്‌ ഫലസ്‌തീനിയായ ഗര്‍ഭിണിക്ക്‌ അബൂദാബി പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്‌. വിപണിയില്‍ മൂന്നു ലക്ഷം ദിര്‍ഹം വിലയുള്ള വാലിയം എന്ന മയക്കു മരുന്നാണ്‌ ഇവര്‍ കടത്തിയത്‌. യു.എ.ഇയിലെ ഏജന്‍റിന്‌ കൈമാറാനായി ഇത്‌ ഏല്‍പിച്ച തൊഴിലുടമക്കും തുല്യ ശിക്ഷ വിധിച്ചിട്ടുണ്ട്‌. ജോര്‍ദാന്‍ സ്വദേശിയായ ഇവരുടെ അഭാവത്തിലാണ്‌ ശിക്ഷിച്ചത്‌. കഴിഞ്ഞ ഫെബ്രുവരി 10നാണ്‌ മയക്കു മരുന്ന്‌ കൈമാറുന്നതിനിടെ യുവതി പിടിയിലായത്‌്‌. ഇടപാടുകാരിയെന്ന്‌ വിശ്വസിപ്പിച്ച്‌ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥ ഇവരെ സമീപിക്കുകയായിരുന്നു. കാറില്‍ വെച്ചു കൈമാറുന്നതിനിടെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. അതേ സമയം, തൊഴിലുടമ ഏല്‍പിച്ചത്‌ കൈമാറുകയായിരുന്നുവെന്നും ഇതില്‍ മയക്കു മരുന്നായിരുന്നുവെന്ന്‌ അറിഞ്ഞില്ലെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. തെളിവുകള്‍ അവരുടെ വാദത്തിന്‌ നേര്‍വിപരീതമായതോടെയാണ്‌ ജീവ പര്യന്തം നല്‍കാന്‍ തീരുമാനമായത്‌. യുവതിക്ക്‌ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍, ഇത്‌ കോടതി അംഗീകരിച്ചില്ല. ഏഴു മാസം ഗര്‍ഭിണിയാണ്‌ യുവതി. 15 ദിവസത്തിനകം വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അധികാരമുണ്ട്‌.

ഒമാന്‍ പൊതുമാപ്പ്‌: നാടു വിടുന്നവര്‍ക്ക്‌
പുതിയ വിസയില്‍ വീണ്ടും വരാം

മസ്‌ക്കത്ത്‌: അനധികൃത താമസക്കാര്‍ക്ക്‌ രാജ്യം വിടാന്‍ ഇളവു നല്‍കി കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പൊതുമാപ്പിന്‌ നിര്‍ണായകമായ വഴിത്തിരിവ്‌. വിസ സാധുവല്ലാത്തതിനാല്‍ രാജ്യം വിടേണ്ടിവരുന്നവര്‍ക്ക്‌ പുതിയ വിസയില്‍ വീണ്ടും രാജ്യത്തെത്തുന്നതിന്‌ വിലക്കില്ലെക്ക്‌ മനുഷ്യ വിഭവ മന്ത്രാലയം വ്യക്‌തമാക്കി. പിഴ കൂടാതെ രാജ്യം വിടാനുള്ള സമയം രണ്ടു മാസം കൂടി നീട്ടി ഈ മാസാദ്യത്തോടെയാണ്‌ ഒമാന്‍ ഉത്തരവിറക്കിയിരുന്നത്‌. സ്‌പോണ്‍സറുടെ അടുത്തുനിന്ന്‌ ഓടിപ്പോയി മറ്റിടങ്ങളില്‍ ജോലി നോക്കുന്ന പലരും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മടിക്കുന്നതായും ഇവര്‍ക്ക്‌ വീണ്ടും രാജ്യത്തുതിരിച്ചെത്തി തൊഴിലെടുക്കാന്‍ അവസരം നല്‍കിയാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇതു കൂടി പരിഗണിച്ചാണ്‌ സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചത്‌.
വീട്ടുവേലക്കു വന്ന സ്‌ത്രീകളടക്കം സ്‌പോണ്‍സറുടെ അടുത്തുനിന്ന്‌ രക്ഷപ്പെട്ട്‌ തൊഴിലെടുക്കുന്ന നിരവധി പേരാണ്‌ രാജ്യത്തുള്ളത്‌. ഇവരില്‍ പലര്‍ക്കും ആശങ്കകളേറെയുള്ളതിനാല്‍ പൊതുമാപ്പിന്‍െറ ആനുകൂല്യമുപയോഗപ്പെടുത്താന്‍ തയാറായിരുന്നില്ല. രജിസ്‌റ്റര്‍ ചെയ്‌ത പലരും ഔട്ട്‌പാസ്‌ ലഭിച്ചിട്ടും നാടു വിട്ടു പോകാത്ത സാഹചര്യവും നിലവിലുണ്ട്‌. പുതിയ പ്രഖ്യാപനം ഇത്തരക്കാരെ കൂടി നാടു വിടാന്‍ പ്രേരിപ്പിക്കുമെന്നാണ്‌ പ്രതീക്ഷ. ഒരിക്കല്‍ നിയമ പരിധിക്കു പുറത്തുപോയിട്ടുണ്ടെങ്കിലും എപ്പോഴും അവരെ നിയമ ലംഘകരായി കാണാനാവില്ലെന്നും നിയമാനുസൃതം അവരെത്തിയാല്‍ വീണ്ടും അവര്‍ക്ക്‌ രാജ്യത്ത്‌ ജോലി ചെയ്യാമെന്നും മനുഷ്യ വിഭവ ശേഷി മന്ത്രാലയം ലാബര്‍ കെയര്‍ ഡയറക്‌ടര്‍ ജനറല്‍ സാലിം സഈദ്‌ അല്‍ ബാദി പറഞ്ഞു. ശരിയായ രേഖയും പുതിയ വിസയുമായിരിക്കണം. നിയമ വിധേയമായി രാജ്യത്തുകഴിയുന്ന എല്ലാ പ്രവാസികളോടും രാജ്യം ഏറ്റവും നന്നായി മാത്രമേ പെരുമാറൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പൊതുമാപ്പ്‌ മാര്‍ച്ച്‌ 31ന്‌ അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല രാജ്യങ്ങളുടെയും പ്രതിനിധികള്‍ക്ക്‌ രാജ്യം വിടാനുള്ള നടപടികള്‍ പൂര്‍ണമാകാത്ത സാഹചര്യത്തില്‍ മെയ്‌ 31 വരെയാക്കുകയായിരുന്നു.  


  അഫ്‌ഗാനില്‍ യു.എസ്‌. കമ്പനി  
  ജീവനക്കാരി വെടിയേറ്റ്‌ മരിച്ചു   

കാണ്ഡഹാര്‍: അഫ്‌ഗാനിസ്‌താനിലെ കാണ്ഡഹാറില്‍ അമേരിക്കന്‍ കമ്പനിയില്‍ ജോലിചെയ്യുന്ന അഫ്‌ഗാന്‍ യുവതിയെ അജ്ഞാതന്‍ വെടിവെച്ച്‌ കൊന്നു. ഹുസയ്‌ എന്ന പതിനെട്ടുകാരിയാണ്‌ ജോലി കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ കൊല്ലപ്പെട്ടത്‌. കമ്പനിയില്‍ നിന്ന്‌ ഇറങ്ങിയ യുവതിയെ ഒളിഞ്ഞിരുന്ന അക്രമി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആസ്‌പത്രിയില്‍വെച്ച്‌ മരിച്ചു. അഫ്‌ഗാനിസ്‌താനിലെ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്ന ഡവലപ്‌മെന്റ്‌ ആള്‍ട്ടര്‍നേറ്റീവ്‌ എന്ന കമ്പനിയിലായിരുന്നു യുവതി ജോലി ചെയ്‌തിരുന്നത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനേയും ജോലിചെയ്യുന്നതിനേയും എതിര്‍ക്കുന്ന താലിബാനാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ വാര്‍ത്താ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു. കാണ്ഡഹാറില്‍ അമേരിക്കന്‍ സൈന്യം താലിബാനെതിരെ സൈനിക നടപടിക്ക്‌ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ അമേരിക്കന്‍ ഇന്റലിജന്‍സ്‌ തന്നെയായിരിക്കും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന്‌ തദ്ദേശവാസികളില്‍ ചലര്‍ സംശയം പ്രകടിപ്പിച്ചു.

ബാകിയേവിനെ വിചാരണചെയ്യും
ബിഷ്‌കെക്‌: പുറത്താക്കപ്പെട്ട പ്രസിഡണ്ട്‌ കുര്‍മന്‍ബേക്‌ ബാകിയേവ്‌ വിചാരണ നേരിടേണ്ടിവരുമെന്ന്‌ കിര്‍ഗിസ്‌താനിലെ ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി. ബാകിയേവിന്റെ പതനത്തിന്‌ കാരണമായ കലാപവുമായി ബന്ധപ്പെട്ടാണ്‌ ബാകിയേവിനെതിരെ കേസെടുത്തിട്ടുള്ളത്‌. പ്രസിഡണ്ടെന്ന നിലയില്‍ ബാകിയേവ്‌ അതിരു കടന്നു പ്രവര്‍ത്തിച്ചതായി ഇടക്കാല സര്‍ക്കാര്‍ നേതാവ്‌ റോസ ഒതുന്‍ബയേവ്‌ പറഞ്ഞു. ബാകിയേവിനെ വിചാരണചെയ്യുമെന്നും അദ്ദേഹം ചില കാര്യങ്ങള്‍ക്ക്‌ നിയമത്തിന്‌ മുമ്പാകെ മറുപടി പറയേണ്ടതുണ്ടെന്നും റോസ വ്യക്തമാക്കി. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പു തന്നാല്‍ പ്രസിഡണ്ട്‌ സ്ഥാനം രാജിവെക്കാന്‍ ബാകിയേവ്‌ കഴിഞ്ഞ ദിവസം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ബാകിയേവിനെ അറസ്റ്റുചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം കിര്‍ഗിസ്‌താനിലെ വ്യോമതാവളത്തിന്റെ ഭാവി സംബന്ധിച്ച്‌ അമേരിക്കന്‍ ദൂതന്‍ ഇന്നലെ റോസയുമായി ചര്‍ച്ചനടത്തി. അമേരിക്കയുടെ പിന്തുണ ഉറപ്പാക്കുന്നതിന്‌ വ്യോമതാവളം നിലനിര്‍ത്താന്‍ റോസ അമേരിക്കക്ക്‌ സമ്മതം നല്‍കിയതായി അറിയുന്നു. കിര്‍ഗിസ്‌താന്‍ ആഭ്യന്തര കലാപത്തിന്റെ വക്കിലാണെന്ന്‌ റഷ്യക്ക്‌ ആശങ്കയുണ്ട്‌. 

പാക്‌ എം.പി.ക്ക്‌ ബിരുദമുണ്ട്‌;
ഇംഗ്ലീഷില്‍ പേരെഴുതാന്‍ അറിയില്ല

ഇസ്‌‌ലാമാബാദ്‌: പാക്കിസ്‌താനില്‍ പരിസ്ഥിതി മന്ത്രാലത്തിലെ പാര്‍ലമെന്ററി സെക്രട്ടറിക്ക്‌ ഇംഗ്ലീഷില്‍ സ്വന്തം പേര്‌ എഴുതാന്‍ പോലും അറിയില്ലെന്ന്‌‌ റിപ്പോര്‍ട്ട്‌. വ്യാജ ബിരുദ്ധ സര്‍ട്ടിഫിക്കറ്റ്‌ കാണിച്ചാണ്‌ 2008 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ മുഹമ്മദ്‌ താരിഖ്‌ തരാര്‍ എന്ന ഭരണകക്ഷി അംഗം മത്സരിച്ചതും പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞടുക്കപ്പെട്ടതും. മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സകരിയ സര്‍വ്വകലാശാലയില്‍നിന്നാണ്‌ താന്‍ ബിരുദമെടുത്തതെന്ന്‌ തരാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത്‌ സത്യമല്ലെന്ന്‌ പഞ്ചാബ്‌ പ്രവിശ്യയിലെ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ ഫോട്ടോ ഉപയോഗിച്ച്‌ തനിക്കുവേണ്ടി തരാര്‍ മറ്റൊരാളെക്കൊണ്ട്‌ പരീക്ഷ എഴുതിക്കുകയായിരുന്നുവത്രെ.
തരാറിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ നടപടിക്കൊരുങ്ങിയെങ്കിലും ലാഹോര്‍ ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവിന്റെ ബലത്തിലാണ്‌ അദ്ദേഹം പിടിച്ചുനില്‍ക്കുന്നത്‌. ഏതായാലും ഏപ്രില്‍ 19ന്‌ കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. എം.പി.ക്കെതിരായ വാദം തെളിയിക്കാന്‍ ആവശ്യ രേഖകള്‍ ഹാജരാക്കാന്‍ കോടതി അഴിമതി വിരുദ്ധ ബ്യൂറോക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പാക്‌ ഭരണഘടന പ്രകാരം, കുറഞ്ഞത്‌ ബി.എ. ബിരുദമെങ്കിലും ഉള്ളവര്‍ക്ക്‌ മാത്രമേ പാര്‍ലമെന്റിലേക്കും പ്രവിശ്യ അസംബ്ലികളിലേക്കും മത്സരിക്കാനാവൂ.
ഖബറിടം പൊളിക്കാന്‍ നീക്കം;
ജക്കാര്‍ത്തയില്‍ കലാപം

                                                                                                                                     ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ 300 കൊല്ലം മുമ്പ്‌ മരിച്ച ഇസ്‌‌ലാമിക പണ്ഡിതന്‍ ഹബീബ്‌ ഹസന്റെ ഖബറിടം പൊളിച്ചുമാറ്റാനുള്ള നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസും പ്രദേശവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 54 പേര്‍ക്ക്‌ പരിക്കേറ്റു. രോഷാകുലരായ ജനം നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഖബറിടം പൊളിക്കാനെത്തിയ നഗര ഭരണാധികൃതരെ ജനം തുരത്തി ഓടിക്കുകയായിരുന്നു. ജനത്തെ കൈകാര്യം ചെയ്യാന്‍ സൈന്യം രംഗത്തെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഏറ്റുമുട്ടലില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌ പതിനേഴാം നൂറ്റാണ്ടിന്റെ മധ്യമത്തില്‍ ജീവിച്ചിരുന്ന ഹബീബ്‌ ഹസന്‍ ഇന്തോനേഷ്യയിലെ അറിയപ്പെട്ട ഇസ്‌്‌ലാമിക പണ്ഡിതനാണ്‌. അതേസമയം ഖബറിടം പൊളിച്ചുമാറ്റാന്‍ പദ്ധതിയില്ലെന്നും അറ്റകുറ്റപ്പണി മാത്രമാണ്‌ തങ്ങളുടെ അജണ്ടയിലുള്ളതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.