- ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ശശി തരൂര്‍
- ഐ.പി.എല്‍: ഇരുസഭകളും സ്‌തംഭിച്ചു
സ്വന്തം ലേഖകന്‍ / ന്യൂഡല്‍ഹി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. പാര്‍ലമെന്റ് സ്‌തംഭിച്ച ഇന്നലെ ക്രിക്കറ്റ് ചര്‍ച്ചകള്‍ പൂര്‍ണ്ണമായും രാഷ്‌ട്രീയവല്‍കരിക്കപ്പെട്ടു. അതിനിടെ ടീമിന്റെ ആസ്ഥാനം കൊച്ചിയില്‍ നിന്നും അഹമ്മദാബാദിലേക്കും മാറുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി ശശി തരൂരിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്‌തംഭിപ്പിച്ചതിന് പിറകെ പുതിയ വെളിപ്പെടുത്തലുമായി കൊച്ചിന്‍ ഐ.പി.എല്‍ ടീം രംഗത്ത് വന്നു. കൊച്ചിയില്‍ നിന്നും ടീമിന്റെ ഹോം ഗ്രൗണ്ട് അഹമ്മദാബാദിലേക്ക് മാറ്റാന്‍ ധാരണയായതായാണ് കൊച്ചിന്‍ ടീമിന്റെ വെളിപ്പെടുത്തല്‍. കേരളാ ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി മൈതാനമില്ലെന്ന വാദത്തിലാണ് കൊച്ചിയില്‍ നിന്നും മല്‍സരങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടു പോവുന്നത്. അതിനിടെ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചു ചേര്‍ന്നാണ് ഇന്നലെ സഭ സ്‌തംഭിപ്പിച്ചത്. ബഹളത്തെത്തുടര്‍ന്ന് 12 മണിയോടെ രാജ്യസഭയും രണ്ട് മണിയോടെ ലോക്‌സഭയും പിരിഞ്ഞു. രാവിലെ 11 മണിക്ക് ഇരു സഭകളും ചേര്‍ന്നയുടന്‍ പ്രതിപക്ഷം തരൂര്‍ പ്രശ്‌നത്തില്‍ ബഹളമാരംഭിച്ചു. തരൂര്‍ രാജി വെക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമായിരുന്നു പ്രതിപക്ഷാവശ്യം. 12 മണി വരെയാണ് ആദ്യം സഭകള്‍ നിര്‍ത്തിയത്. 12 മണിക്ക് ചേര്‍ന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനാല്‍ രാജ്യസഭ നിര്‍ത്തിവെക്കുകയായിരുന്നു. ലോക്‌സഭയില്‍ സി.പി.എമ്മിലെ ബസുദേവാചാര്യയും ബി.ജെ.പിയിലെ ഋഷികാന്ത് ദുബെയുമാണ് പ്രശ്‌നം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പ്രതിപക്ഷ ബഹളം തുടര്‍ന്നതിനാല്‍ 12 മണി വരെ നിര്‍ത്തി വെക്കുകയായിരുന്നു. 12 മണിക്ക് സഭ ചേര്‍ന്നപ്പോഴാണ് പ്രസ്‌താവന നടത്താനായി തരൂര്‍ എഴുന്നേറ്റത്. എഴുതിത്തയ്യാറാക്കിയ പ്രസ്‌താവനയുമായി ലോക്‌സഭയിലെത്തിയ തരൂരിനെ പ്രസ്‌താവന വായിക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. പിന്നീട് സ്‌പീക്കറുടെ നിര്‍ദ്ദേശ പ്രകാരം പ്രസ്‌താവന സഭയുടെ മേശപ്പുറത്ത് വെച്ചു.
കൊച്ചി ഐ.പി.എല്‍ ടീമിന്റെ അനുമതി റദ്ദാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച പ്രസ്‌താവനയില്‍ തരൂര്‍ വ്യക്തമാക്കി. ലേലത്തില്‍ വിജയിച്ചതിനാലാണ് കൊച്ചിക്ക് ടീം ലഭിച്ചത്. ലേലത്തില്‍ വിജയിക്കാന്‍ മന്ത്രിക്ക് എന്തു സഹായം നല്‍കാനാകുമെന്ന് മനസിലാകുന്നില്ല. ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും താന്‍ ഉണ്ടാക്കിയിട്ടില്ല. ടീം രൂപവത്‌കരണത്തിന് വേണ്ട സഹായം നല്‍കി എന്നത് ശരിയാണ്. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്.
തിരുവനന്തപുരം എം.പി എന്ന നിലയിലാണ് ടീം രൂപവത്‌കരണത്തിന് ശ്രമിച്ചത്. ഇതിനുവേണ്ടി മന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തിട്ടില്ല. ബിനാമിയെ ഉപയോഗിച്ച് പ്രവര്‍ത്തിച്ചുവെന്ന ആരോപണം അപമാനകരമാണെന്ന് അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും തയാറാകാത്ത പ്രതിപക്ഷത്തിന് തന്റെ രാജി മാത്രമാണാവശ്യമെന്നും ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
No comments:
Post a Comment