Friday, April 16, 2010

പൊതുധാരയിലെത്താന്‍ സ്‌ത്രീ വിദ്യാഭ്യാസം അനിവാര്യം: ജ: സിദ്ദീഖി


മുഹമ്മദ്‌ ഉഗ്രപുരം /കോഴിക്കോട്‌
സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ സമഗ്ര ഭാവവും പ്രത്യേകം ഊന്നലും നല്‍കിക്കൊണ്ടു മാത്രമേ ഇന്ത്യന്‍ മുസ്‌ലിംകളെ പൊതുധാരയിലേക്കും സാമൂഹിക പുരോഗതിയിലേക്കും കൊണ്ടുവരാനാവുകയുള്ളൂ എന്ന്‌ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ എം.എസ്‌.എ. സിദ്ദീഖി അഭിപ്രായപ്പെട്ടു. ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനശില കുടുംബമാണ്‌. വീടുകളില്‍ നിന്ന്‌ തുടങ്ങുന്ന പ്രവര്‍ത്തനങ്ങളാണ്‌ സാമൂഹിക മാറ്റങ്ങളുടെ ആത്മാവ്‌. അതുകൊണ്ടുതന്നെ അറിവും സംസ്‌കാരവും കൂടുതല്‍ കരസ്ഥമാക്കാനുള്ള സൗകര്യം സ്‌ത്രീകള്‍ക്കാണ്‌ പ്രാഥമികമായി നല്‍കേണ്ടത്‌. `ചന്ദ്രിക`ക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിലെ പ്രത്യേകിച്ച്‌ മുസ്‌ലിം പെണ്‍കുട്ടികളിലെ വിദ്യാഭ്യാസ സ്ഥിതിഗതികള്‍ പഠിച്ചു വിലയിരുത്താനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും കമ്മീഷന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. ഡോ. ഷബിസ്‌താന്‍ ഗഫ്‌ഫാറാണ്‌ ഇതിന്റെ ചെയര്‍പേഴ്‌സണ്‍. കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ ലഭ്യമായാലുടന്‍ മുസ്‌ലിം സ്‌ത്രീ വിദ്യാഭ്യാസത്തെ കുറിച്ച്‌ വിപുലമായ ഒരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച്‌ കേന്ദ്രസര്‍ക്കാറിന്‌ സമര്‍പ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ പോലെ മുസ്‌ലിം സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളം മാതൃകയാണെന്നും സിദ്ദീഖി അഭിപ്രായപ്പെട്ടു. ഇവിടെ മിക്ക മുസ്‌ലിം പെണ്‍കുട്ടികളും സ്‌കൂള്‍, കോളജ്‌ വിദ്യാഭ്യാസം നേടി ഉന്നത നിലവാരത്തിലെത്തിയവരാണ്‌.
എന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. അവിടെ പെണ്‍കുട്ടികളെ സ്‌കൂളിലേക്ക്‌ അയക്കാന്‍ തന്നെ സമുദായം മടിക്കുന്നു. പല തരത്തിലുള്ള ഭീതിയാണ്‌ അവരെ അലട്ടുന്നത്‌. ഇളം പ്രായത്തിലുള്ള വിവാഹവും അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ തടസ്സമാകുന്നു. സ്‌കൂളില്‍ പോകുന്നവര്‍ തന്നെ ചെറിയ ക്ലാസുകളില്‍ പഠനം അവസാനിപ്പിക്കേണ്ടിവരുന്നു. എന്നാല്‍ വിദ്യാഭ്യാസ പുരോഗതിയില്‍ കേരളം ഏറെ മുന്നിട്ടുനില്‍ക്കുന്നത്‌ ഇന്ത്യക്ക്‌ തന്നെ അഭിമാനകരമാണ്‌. എണ്ണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഗുണനിലവാരത്തിലും മെച്ചപ്പെട്ട സംവിധാനങ്ങളിലും മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ മുന്നിലാണ്‌. മുസ്‌ലിംകളുടെ ഈ പുരോഗതിയില്‍ ഉത്തരേന്ത്യക്കാര്‍ മാതൃകയാക്കേണ്ടത്‌ കേരളത്തെയാണ്‌. കേരളത്തില്‍ നിന്ന്‌ നിരവധി മുസ്‌ലിം-ക്രിസ്‌ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവിക്കുവേണ്ടി കമ്മീഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച കാര്യവും സന്ദര്‍ഭവശാല്‍ സിദ്ദീഖി ഓര്‍മ്മിപ്പിച്ചു.
ഭരണഘടനയുടെ 30(1) ഖണ്ഡിക പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച്‌ നടത്താനുളള മൗലികാവകാശം പരിരക്ഷിക്കുകയാണ്‌ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റീസ്‌ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ അടിസ്ഥാന ധര്‍മ്മം. ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്‌ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേഷന്‍ നേടാനും ന്യൂനപക്ഷ പദവി ഉറപ്പിച്ചുനിര്‍ത്താനും നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളും സിവില്‍ കോടതിയുടെ അധികാരമുള്ള കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍പെടുന്നു.
ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി ഉള്‍പ്പെടെ കേരളത്തിലേതടക്കം രാജ്യത്തെ നിരവധി സ്ഥാപനങ്ങളുടെ അടിസ്ഥാനാവശ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കമ്മീഷന്റെ മുമ്പാകെയുണ്ട്‌. ക്രിസ്‌ത്യന്‍, സിക്ക്‌ വിഭാഗങ്ങളില്‍പെട്ട രണ്ട്‌ അംഗങ്ങളെ കൂടി കേന്ദ്രസര്‍ക്കാര്‍ ഇയ്യിടെ നിയമിച്ചത്‌ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുതാര്യതയും വേഗതയും കൂട്ടും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂനപക്ഷ പദവി നിലനിര്‍ത്താന്‍ ബന്ധപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 30 ശതമാനത്തില്‍ കുറയരുതെന്ന്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയിട്ടില്ലെന്ന്‌ ചോദ്യത്തിനുത്തരമായി ജ. സിദ്ദീഖി പറഞ്ഞു.

No comments:

Post a Comment