മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ മകന്റെ വിദേശ യാത്രകള്‍ ഔദ്യോഗിക പക്ഷം ആയുധമാക്കുന്നു
സ്വന്തം ലേഖകന്‍/ തിരുവനന്തപുരംസര്ക്കാരിനെ അറിയിക്കാതെ ടോമിന്‍ .ജെ.തച്ചങ്കരി നടത്തിയ വിദേശയാത്ര ആയുധമാക്കുന്ന മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ ഔദ്യോഗിക പക്ഷം നീക്കം സജീവമാക്കി. മുഖ്യമന്ത്രിയുടെ മകന്‍ ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്‌ടര്‍ വി.എ.അരുണ്‍കുമാര്‍ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളാണ് മുഖ്യമന്ത്രിക്കെതിരായി എതിര്‍ വിഭാഗം പുറത്തെടുക്കുന്നത്. തച്ചങ്കരി പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഔദ്യോഗിക പക്ഷത്തെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്.
പൊതുജനങ്ങള്‍ ഏറെ സംശയത്തോടെ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പരസ്യനിലപാട് സ്വീകരിക്കാന്‍ ഔദ്യോഗിക പക്ഷത്തിനാകില്ല. തച്ചങ്കരിക്കെതിരായി നടത്തുന്ന പ്രസ്‌താവനകള്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്വന്തക്കാരനായ തച്ചങ്കരിക്കെതിരായ മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളും ഔദ്യോഗികപക്ഷത്തിനെതിരായ കൂരമ്പുകളാകുകയും ചെയ്യും. ഈപശ്ചാത്തലത്തിലാണ് പുതിയ ആയുധവുമായിപ്രതിരോധത്തിനിറങ്ങാന്‍ ഔദ്യോഗിക പക്ഷം കച്ചമുറുക്കുന്നത്.
അരുണ്‍കുമാര്‍ 2007ല്‍ ദുബായ് സന്ദര്‍ശനം നടത്തിയിരുന്നു. ഈസന്ദര്‍ശനവും ദുബായ് സ്‌മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചില ആരോപങ്ങള്‍ ഉയരുകയും ചെയ്‌തു. സന്ദര്‍ശനത്തിന് സര്‍ക്കാരിന്റെയോ ഐ.എച്ച്.ആര്‍.ഡിയുടെയോ അനുമതിവാങ്ങിയിരുന്നില്ലത്രെ. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല.
പിന്നീടും ഇത്തരം വിദേശസന്ദര്‍ശനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇവയുടെയെല്ലാം വിശദമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഔദ്യോഗിക പക്ഷം അവകാശപ്പെടുന്നു. തച്ചങ്കരിക്കെതിരെ ശക്തമായ നടപടിക്കായി മുഖ്യമന്ത്രി വാദിച്ചാല്‍ മുഴുവന്‍ സര്‍ക്കാരുദ്യോഗസ്ഥരുടെയും വിദേശ യാത്രകള്‍ അന്വേഷിക്കണമെന്ന് ഔദ്യോഗികപക്ഷത്തെ മന്ത്രിമാര്‍ ആവശ്യപ്പെടും. ഇതിലൂടെ മുഖ്യമന്ത്രിയെ വെട്ടിലാക്കി നിശബ്‌ദനാക്കാന്‍ കഴിയുമെന്ന്‌് ഔദ്യോഗിക പക്ഷം കരുതുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എന്‍.ഷാജഹാന്റെ വെളിപ്പെടുത്തലുകള്‍ ഔദ്യോഗിക പക്ഷത്തിന് ആവേശം പകര്‍ന്നിരുന്നു. തങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിവക്കുന്നതാണ് ഷാജഹാന്റെ വെളിപ്പെടുത്തലെന്നാണ് അവരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിനായി അഴിമതിയുമായി വി.എസ്.പൊരുത്തപ്പെടുന്നതും അദ്ദേഹത്തിന്റെ അമിത പുത്രവാത്സല്യവുമെല്ലാം ഷാജഹാന്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതിനോട് പ്രതികരിക്കാതിരിക്കുന്നത് ഔദ്യോഗികപക്ഷത്തിന്റെ ആവേശം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു.
മുഖ്യമന്ത്രി അത്യന്തം സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് തച്ചങ്കരി പ്രശ്‌നം ഉയര്‍ന്നു വരുന്നത്. എല്‍.ഡി.എഫില്‍ മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ജനതാദള്‍ നേതാവ് എം.പി.വീരേന്ദ്രകുമാറാണ് തച്ചങ്കരി പ്രശ്‌നം കുത്തിപൊക്കിയത്.
തലസ്ഥാനത്ത് നടന്ന എന്‍.ജി.ഒ സെന്ററിന്റെ സംസ്ഥാന സമ്മേളനത്തില്‍ സി.പി.എം നേതാക്കള്‍ ഗള്‍ഫ് നാടുകളില്‍ പണപ്പിരിവിനുപോയിരിക്കുന്നകാര്യം ചൂണ്ടികാട്ടിയ അദ്ദേഹം അവര്‍ക്കൊപ്പം തച്ചങ്കരിയുമുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. വീരേന്ദ്രകുമാറിന്റെ വാക്കുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.
തുടര്‍ന്നുള്ള മുഖ്യമന്ത്രിയുടെ ഓരോനീക്കങ്ങളും ഏറെ സൂക്ഷ്‌മതയോടെയായിരുന്നു. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് വാങ്ങി. ഡി.ജി.പിയെ വീട്ടില്‍ വിളിച്ചുവരുത്തി സംസാരിച്ചു. വിഷയത്തില്‍ പരമാവധി മാധ്യമശ്രദ്ധഉണ്ടാക്കുന്നതിലും മുഖ്യമന്ത്രിയുടെ ക്യാമ്പ് ശ്രദ്ധിച്ചു.
മുഖ്യമന്ത്രിയുടെ നീക്കത്തെ പ്രതിരോധിക്കുന്നതില്‍ ഔദ്യോഗിക പക്ഷത്തിന് പിഴവുപറ്റി. പ്രമുഖരുടെ അഭാവം തന്നെ പ്രധാന പ്രശ്‌നം. പിണറായി വിദേശത്തും കോടിയേരി കാശ്‌മീരിലുമാണ്. കോടിയേരി നാളെയെ മടങ്ങിയെത്തു. ഔദ്യോഗിക പക്ഷത്തെ പടലപിണക്കങ്ങളും ബദല്‍നീക്കങ്ങളെ മന്ദഗതിയിലാക്കാന്‍ കാരണമായതായി പറയപ്പെടുന്നു.
നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തച്ചങ്കരിക്കെതിരെ ശക്തമായ നടപടിക്കായി മുഖ്യമന്ത്രി വാദിച്ചാല്‍ ഘടകകക്ഷികള്‍ എന്തുനിലപാടെടുക്കുമെന്നത് ഔദ്യോഗിക പക്ഷത്തെ അലട്ടുന്നു. ഇക്കാര്യത്തില്‍ മൗനം അവലംബിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക പക്ഷത്തെ ചില നേതാക്കള്‍ ഘടകകക്ഷി മന്ത്രിമാരെ സീപിച്ചതായും അറിയുന്നു.
ഐപിഎല്‍ : ശശി തരൂരിനെ
അഭിനന്ദിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം:ഐപിഎല്‍ ടീം കൊച്ചിക്കു ലഭ്യമാക്കിയതില്‍ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണത്തിനു പുറമെ ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടന്ന ചില കോണ്‍ഗ്രസുകാരുടെ യോഗത്തെ ഗ്രൂപ്പുയോഗമായി കാണാന്‍ കഴിയില്ല.യോഗം ചേരുന്നതില്‍ തെറ്റില്ല. എത്രയോ യോഗങ്ങള്‍ നടക്കുന്നു. ഇത്തരം യോഗങ്ങള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നുവെങ്കില്‍ മാത്രമേ കുഴപ്പമുള്ളൂ. കൊച്ചി യോഗം കൊണ്ട് അത്തരം ദോഷമുണ്ടായതായി കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍
എല്ലാ നടപടികളും സര്‍ക്കാര്‍ നിര്‍ത്തലാക്കി
ഇഖ്‌ബാല്‍കല്ലുങ്ങല്‍ / തിരൂര്‍
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2009 ജനുവരി 1ന് 18 വയസ് തികഞ്ഞവര്‍ക്ക് തുടര്‍ പ്രക്രിയയുടെ ഭാഗമായി ഇതു വരെ അവസരം നല്‍കിയിരുന്നു.
ഇത് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കുകയായിരുന്നു. ഇവരുടെ വിചാരണയും ഫോട്ടൊയെടുക്കലും അനശ്ചിതമായി നീട്ടി. ആയിരക്കണക്കിനാളുകള്‍ അപേക്ഷ നല്‍കിയിരുന്നു. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവര്‍ ഇനി ഏറെ കാത്തിരിക്കണം, കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍പട്ടിക പഞ്ചായത്ത് തെരഞ്ഞെടുപ്പിന് അടിസ്ഥാനപട്ടികയായി ഉപയോഗിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തുടര്‍ച്ചയായി അട്ടിമറിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന പേര് ചേര്‍ക്കല്‍ ഊര്‍ജിതയഞ്‌ജം സര്‍ക്കാര്‍ ഇടപെട്ട് നേരത്തെ മുടക്കിയിരുന്നു. ഇത് മെയ് രണ്ടാം വാരം ആരംഭിക്കാനാകുമെന്നാണ് സൂചനയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് എല്ലാ നടപടികളും ഇപ്പോള്‍ നിര്‍ത്തിവെച്ചതെന്നും അവര്‍ പറയുന്നു. എന്നാല്‍ വിശദമായ വിവരങ്ങള്‍ ഇനിയും കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടില്ല.
പേര്‍ചേര്‍ക്കാന്‍ അവസരം നഷ്‌ടമാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജൂണ്‍ വരെ പേര്‍ ഊര്‍ജിത ചേര്‍ക്കല്‍ നീണ്ടു നില്‍ക്കും. എല്ലാ വര്‍ഷവും ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളില്‍ നടക്കാറുള്ള പേര് ചേര്‍ക്കല്‍ ഊര്‍ജിതയഞ്‌ജമാണ് ഇത്തവണ സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചത്.
2010 ജനുവരി 1ന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമാണ് വൈകുന്നത്. ചെലവ് ചുരുക്കല്‍ ഭാഗമായാണ് നിര്‍ത്തിവെച്ചതെന്നാണ് ഇത് സംബന്ധിച്ചുള്ള മറുപടി. കഴിഞ്ഞ വര്‍ഷം വരെ പേര് ചേര്‍ക്കല്‍ ഊര്‍ജതിമായാണ് നടന്നത്.
അതാത് പോളിംഗ് സ്റ്റേഷനുകളില്‍ പേര്‍ ചേര്‍ക്കാന്‍ അവസരമൊരുക്കിയിരുന്നു. ഇത് സംബന്ധിച്ച് വലിയ പ്രചാരണം ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരുന്നു. മെയ് ആദ്യ വാരം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വോട്ടര്‍പട്ടിക പേര്‍ ചേര്‍ക്കലിന് ക്രമീകരണവും പരസ്യവും നല്‍കേണ്ട സമയമായിട്ടും രഹസ്യമാക്കിവെക്കുകയാണ്.
പേര് ചേര്‍ത്തവരെ ഉള്‍പ്പെടുത്തി അന്തിമ വോട്ടര്‍പട്ടിക സാധാരണ ജനുവരി 10ന് ആണ് പ്രസിദ്ധീകരിക്കാറ്. കഴിഞ്ഞ വര്‍ഷം കരട് വോട്ടര്‍പട്ടിക നവമ്പര്‍ 10ന് പ്രസിദ്ധീകരിച്ചിരുന്നു. ഈ അവസരങ്ങളാണ് ഇക്കുറി ഇല്ലാതായത്.
മെയ് മാസം തുടങ്ങാന്‍ പോകുന്ന വോട്ടര്‍പട്ടിക പ്രക്രിയയുടെ ഭാഗമായി പുതുതായി പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടികയെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടിസ്ഥാനപട്ടികയായി ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര ഇലക്ഷന്‍ പട്ടികയെ കരട് ആയി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ക്കും പുതുതായി പേര് ചേര്‍ക്കാനും പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് അവസരം നല്‍കുമെന്നാണ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്.
മെയ് മാസത്തോടെ വാര്‍ഡ് വിഭജനപ്രക്രിയ പൂര്‍ത്തിയാകുമെന്നും അതോടെ പട്ടിക പേര്‍ ചേക്കാന്‍ അവസരമൊരുക്കാമെന്നുമാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം.
ഇപ്പോള്‍ ലോക്‌സഭാ ബൂത്ത് തലത്തിലുള്ള പട്ടിക പുതിയ വാര്‍ഡ് അടിസ്ഥാനത്തിലാക്കി തയ്യാറാക്കുകയും തുടര്‍ന്ന് കരട് പുറത്തിറക്കാനുമാണ് തീരുമാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പട്ടികയുടെ കരട് പുറത്തിറക്കുന്നത് എങ്ങുമെത്തിയിട്ടില്ല. വാര്‍ഡ് തിരിച്ച് തരാന്‍ പഞ്ചായ്‌ത്ത് സെക്രട്ടിമാര്‍ക്ക് പട്ടിക കൈമാറിയത് ഈയിടെയാണ്.
അതേ സമയം ഒക്‌ടോബര്‍-നവമ്പര്‍ മാസങ്ങളില്‍ പേര് ചേര്‍ക്കല്‍ നടത്തിയിരുന്നുവെങ്കില്‍ പരാതികള്‍ പരിഹരിക്കാന്‍ വേണ്ടുവോളം സമയം ലഭിക്കുമായിരുന്നു.
കേന്ദ്ര ഇലക്ഷന്‍ പട്ടിക പുതുക്കുന്നത് സംസ്‌ഥാന സര്‍ക്കാറിന്റെ കീഴിലാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പിനെ ഭയപ്പെട്ടാണ് പതിവ് പുതുക്കല്‍ ഇത്തവണ ഏറെ വൈകിപ്പിക്കുന്നതെന്ന പരാതിയുണ്ട്.
നയപ്രഖ്യാപന പ്രസംഗം
ഗവര്‍ണര്‍ സര്‍ക്കാരിനോടു വിശദീകരണം തേടും
തിരുവനന്തപുരം: മന്ത്രിസഭയുടെ അംഗീകാരമില്ലാത്ത നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ അവതരിപ്പിക്കേണ്ടി വന്നതിനെക്കുറിച്ച് ഗവര്‍ണര്‍ ആര്‍.എസ് ഗവായി സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം വായിപ്പിച്ചതെന്ന കാരണത്താലാണ് ഗവര്‍ണര്‍ വിശദീകരണം തേടാനുള്ള നീക്കം ആരംഭിച്ചത്. നടപടി അടുത്ത പ്രവര്‍ത്തി ദിവസം തന്നെയുണ്ടാകുമെന്നാണ് രാജ്‌ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മന്ത്രിസഭ അംഗീകരിച്ചതാണെന്ന കുറിപ്പോടെയാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറുടെ ഓഫിസില്‍ എത്തിച്ചത്. എന്നാല്‍ പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരികയും സംഭവം വിവാദമാവുകയും ചെയ്‌തതോടെയാണ് ഭരണഘടനാ വിദഗ്‌ധരുടെ ഉപദേശ പ്രകാരം ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭ അംഗീകരിക്കാത്ത നയപ്രഖ്യാപനം ഗവര്‍ണറെ കൊണ്ട് നിയമസഭയില്‍ വായിപ്പിച്ചതിലെ അനൗചിത്യവും ഭരണഘടനാ ലംഘനവും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് സംഘം നേരത്തെ ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഗവര്‍ണറുടെ നീക്കം മുന്‍കൂട്ടിക്കണ്ട് സര്‍ക്കാരും നിയമോപദേശം തേടിയിട്ടുണ്ട്. ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ അതിനെ പ്രതിരോധിക്കാനുള്ള നിയമോപദേശം നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനെ സര്‍ക്കാര്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മറ്റുവഴികളിലൂടെയും ഭരണഘടനാ വിദഗ്‌ധരുടെ ഉപദേശം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള ശ്രമത്തില്‍ രഹസ്യനീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതേസമയം നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും മന്ത്രിസഭാ യോഗം അംഗീകരിച്ചതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭാ ഉപസമിതി മാത്രമേ കണ്ടിരുന്നുള്ളൂ. ഈ സമിതി പൂര്‍ണമാക്കിയ പ്രസംഗം ഫെബ്രുവരി 17-നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരുന്നതാണ്. എന്നാല്‍ സമയക്കുറവു കാരണം പ്രസംഗം പൂര്‍ണമായി ഈ യോഗത്തില്‍ വായിച്ചില്ല. പ്രസംഗം അംഗീകരിച്ചെന്ന തീരുമാനം മന്ത്രിസഭാ നോട്ടില്‍ വന്നതുമില്ല. പിന്നീട് ഇതുസംബന്ധിച്ച് ചോദ്യത്തിന് ജോസഫ് എം പുതുശേരി എംഎല്‍എയ്‌ക്കു വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറി നല്‍കിയ മറുപടിയില്‍, മന്ത്രിസഭ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചില്ലെന്നു സമ്മതിച്ചിരുന്നു.
ഫെബ്രുവരി പത്തിനു നയപ്രഖ്യാപന പ്രസംഗം തയാറാക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഇവര്‍ പ്രസംഗം തയാറാക്കി 17-ന് യോഗം ചേര്‍ന്നു. എന്നാല്‍ അന്നുതന്നെ ആയിരുന്നു നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കുന്നതിനുള്ള അജണ്ടയുള്‍പ്പെടുത്തിയ മന്ത്രിസഭാ യോഗവും ചേര്‍ന്നത്. സമയക്കുറവു മൂലം മുഖ്യമന്ത്രി പ്രസംഗം പൂര്‍ണമായും വായിച്ചില്ല. മന്ത്രിസഭയാകട്ടെ മുഖ്യമന്ത്രിക്കു നയപ്രഖ്യാപന പ്രസംഗത്തില്‍ മിനുക്കുപണികള്‍ നടത്തി പൂര്‍ണമാക്കുന്നതിന് അനുമതി നല്‍കി പിരിഞ്ഞു. ഇത്തരത്തില്‍ മിനുക്കിയ നയപ്രഖ്യാപനം ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 24-ന് മുമ്പ് മന്ത്രിസഭാ യോഗം ചേര്‍ന്നില്ല. പ്രത്യേക മന്ത്രിസഭാ യോഗം മുഖ്യമന്ത്രിക്കു വിളിക്കാമായിരുന്നെങ്കിലും അതുണ്ടായില്ല. നയപ്രഖ്യാപനം അംഗീകരിച്ചിട്ടില്ലെന്നും ഇതു നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചീഫ് സെക്രട്ടറി നീലാഗംഗാധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അതേസമയം തച്ചങ്കരി വിവാദത്തിന്റെ മറപിടിച്ച് നയപ്രഖ്യാപന പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഗവര്‍ണറുട തീരുമാനം മന്ത്രിസഭയെ വെട്ടിലാക്കും. കടുത്ത നിയമ ലംഘനമെന്ന് വിലയിരുത്തപ്പെടുന്ന സംഭവത്തെ നിയമപരമായി നേരിടേണ്ടി വന്നാല്‍ മന്ത്രിസഭാ തലവനെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് പഴുതുകളില്ലാതാകും.
തരൂരിന് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ശശി തരൂരിന് വധഭീഷണി സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. മാണിക് വര്‍മ്മയെന്നയാളാണ് അറസ്റ്റിലായത്. എന്നാല്‍ ഇയാള്‍ക്ക് ഏതെങ്കിലും അധോലോക സംഘവുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ ഇതിനുമുമ്പും ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും പോലീസ് പറയുന്നു. ഭീഷണി അത്ര ഗൗരവമുള്ളതല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ഐ.പി.എല്‍ കേരളാ ടീമുമായി ബന്ധപ്പെട്ട് ലളിത് മോഡിയുമായുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശശി തരൂരിന് ഇന്നലെയാണ് വധഭീഷണി ലഭിച്ചത്. കേരളാ ഐപിഎല്‍ ടീമുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വധിക്കുമെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ നിന്ന് മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയെന്ന് തരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ദാവൂദിന്റെ സംഘാംഗമായ ഷക്കീല്‍ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് തരൂര്‍ പരാതിയില്‍ പറയുന്നു. ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയോട് മാപ്പ് പറയണമെന്നും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ തരൂരിന്റെ സുരക്ഷ ശക്തമാക്കി.
തരൂര്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടു. തരൂരിന്റെ ഓഫീസ് സ്റ്റാഫ് ജേക്കബ് ജോസഫിനും ഭീഷണിയുണ്ട്. അതേസമയം, കൊച്ചി ടീമിനായി ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തവര്‍ക്ക് ടീമിന്റെ ഉടമസ്ഥരെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നുവെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കി. ടീമിന്റെ ഉടമകളെക്കുറിച്ചുള്ള സംശയമാണ് വിവാദങ്ങള്‍ക്ക് കാരണം. ഐപിഎല്‍ അവാര്‍ഡുദാന ചടങ്ങിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ വിവരിക്കുന്നതിനിടെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.
ടീമുകളുടെ ഓഹരികള്‍ വ്യവസ്ഥാ വിധേയമാണെന്ന് ഉറപ്പാക്കേണ്ടത് ഐപിഎല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ജോലിയാണ്. ഈ കാര്യത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ട കാര്യമില്ലെന്നും മോഡി പറഞ്ഞു. ചെറിയ കാര്യം മാധ്യമങ്ങള്‍ പ്രചരിപ്പിച്ച് വിവാദമാക്കിയതാണെന്നും ചര്‍ച്ച ചെയ്‌തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങള്‍ സംബന്ധിച്ച് ബിസിസിഐക്ക് ഉചിതമായ മറുപടി നല്‍കും. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പൊതു വേദിയില്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. തന്നെ അപമാനപ്പെടുത്താന്‍ വൃത്തികെട്ട കളി നടന്നിട്ടുണ്ട്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ ഇക്കാര്യം സംസാരിക്കുമെന്ന് മോഡി കൂട്ടിച്ചേര്‍ത്തു.
തച്ചങ്കരിയുടെ വിദേശ യാത്ര എന്‍.ഐ.എ
അന്വേഷിക്കണം:ഷംസുദ്ദീന്‍
കോഴിക്കോട്: ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്ര എന്‍.ഐ.എ അന്വേഷിക്കണമെന്ന് മുസ്‌്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. തച്ചങ്കരിയുടെ വിദേശയാത്രാ വേളയില്‍ തടിയന്റവിട നസീറുമായി ബന്ധമുള്ള ചില പിടികിട്ടാ പുള്ളികളുമായി സംസാരിച്ചിട്ടുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഐ.ജിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദേശ യാത്രയെ കുറിച്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടിയെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പക്ഷെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷവും നടപടിയെടുക്കാനുള്ള ഒരു നീക്കം പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തച്ചങ്കരിക്കെതിരെ നടപടിയെടുത്താല്‍ പിണറായിയടക്കമുള്ള ചില സി.പി.എം നേതാക്കളുടെ വഴിവിട്ട ബന്ധം പുറത്താകുമെന്ന ഭയമാണ് സര്‍ക്കാറിനെ അന്വേഷണത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം തച്ചങ്കരിയെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഈ പോലീസ് ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.
തച്ചങ്കരി വിദേശത്ത് വെച്ച് പിണറായിയെ കണ്ടിട്ടുണ്ട് എന്ന് വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തച്ചങ്കരിയുമായി ബന്ധമുള്ള ഹവാലക്കാരില്‍ നിന്നു പാര്‍ട്ടി ഫണ്ട് പിരിക്കാനായിരുന്നു പിണറായി തച്ചങ്കരിയെ കണ്ടു മുട്ടിയത്. 95 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നേരിടുന്ന തച്ചങ്കരിയുമായി പിണറായി വിജയനുള്ള ബന്ധം ദൂരൂഹമാണ്.
കാശമീരിലേക്കെന്ന് പറഞ്ഞ് പോയ തച്ചങ്കരിയുടെ വിദേശ യാത്ര പലരും അറിഞ്ഞതിന് ശേഷമാണ് സര്‍ക്കാര്‍ അറിയുന്നത്. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം നേരിടുന്ന തച്ചങ്കരി ദുബായിയില്‍ താമസിച്ചത് 17000 യു.എസ് ഡോളര്‍ ചെലവ് വരുന്ന ബുര്‍ജ് അല്‍ അറബ് ഹോട്ടലിലാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. സെവന്‍ സ്‌റ്റാര്‍ ഹോട്ടലില്‍ താമസിക്കാനും ധനാഢ്യന്മാര്‍ മാത്രം കയറിയിറങ്ങുന്ന ഷോപ്പിംഗ് മാളുകളില്‍ കയറാനും തച്ചങ്കരിക്കുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടോമിന്‍ തച്ചങ്കരി ഇടക്കിടെ നടത്തുന്ന വിദേശ യാത്രകള്‍ ദുരൂഹമാണ്. ഒന്നിലേറെ പാസ്‌പോര്‍ട്ടുകള്‍ ഈ ഉദ്യോഗസ്ഥന് ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണം. കേസുകളും ആരോപണങ്ങളും തന്റെ കസേരയിളക്കാന്‍ ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്ന രീതി തച്ചങ്കരി വിഷയത്തിലെങ്കിലും മുഖ്യമന്ത്രി മാറ്റണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍
തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണം:
ചെന്നിത്തല
തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ ഐ.ജി.ടോമിന്‍ ജെ.തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എ.ഡി.ജി.പി സിബി മാത്യുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല. അധികാരം വിട്ടൊഴിയാന്‍ വിഷമമുള്ള മുഖ്യമന്ത്രി ഒന്നും ചെയ്യില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശശിതരൂരിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് യാതൊരുനീക്കവുമില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. തരൂര്‍ രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് ബി.ജെ.പിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
മണ്ണംഞ്ചേരിയില്‍ മജ്‌ലിസ് ഇന്‍തിസ്വാബ്
യോഗം കലക്കാന്‍ എസ്.ഡി.പി.ഐ. ശ്രമം
ആലപ്പുഴ : എസ്.കെ.എസ്.എസ്. എഫ്.ദക്ഷിണ മേഖല പ്രചരണജാഥക്ക് മണ്ണംഞ്ചേരിയില്‍ നല്‍കിയ സ്വീകരണ പരിപാടി കലക്കാന്‍ എസ്.ഡി.പി.ഐ. ശ്രമം. സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ വേദിയിലെത്തിയതോടെ എന്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്യാന്‍ വേദിയിലേക്ക് കയറിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. യോഗത്തില്‍ കുറിപ്പ് വിതരണം ചെയ്‌തശേഷം വേദിയില്‍ കയറിവരെ പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്കേറ്റത്തില്‍ കലാശിച്ചു. പിന്നീട് മുഹമ്മയില്‍നിന്നും പൊലീസ് സംഘം എത്തിയതോടെ സംഘം പിരിഞ്ഞുപോയി. സ്വാഗതം സംഘം ചെയര്‍മാന്‍ ടി.എച്ച്. ജാഫര്‍ മൗലവി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ അബൂബക്കര്‍ ഫൈസി മലയമ്മ, അബ്‌ദുല്‍ഖാദര്‍ ഫൈസി തുടങ്ങിയവരും തങ്ങള്‍ക്കൊപ്പം വേദിയിലുണ്ടായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. മണ്ണംഞ്ചേരി മേഖലാ കമ്മിറ്റി മുഹമ്മ പൊലീസിന് പരാതി നല്‍കി. മണ്ണംഞ്ചേരിയിലെ സ്വീകരണ പരിപാടികള്‍ക്കുശേഷം പ്രചരണജാഥ സക്കറിയാബസാറിലെ വട്ടപ്പളളിയില്‍ സ്വീകരണ യോഗത്തിലേക്ക് നീങ്ങി.കര്ണാടകയില്ബാംഗ്ലൂര്: ട്രക്കുകള്‍ കൂട്ടിയിടിച്ചശേഷം തീപിടിച്ച് കര്‍ണാടകയിലെ കല്ലേദേവാരപുരയില്‍ 11 പേര്‍ മരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മാണ്‌ഡ്യയില്‍ നിന്ന് ബല്ലാരിയിലേക്ക് മടങ്ങുകയായിരുന്ന ട്രക്കും ടൂവീലറുകള്‍ കയറ്റി പോകുകയായിരുന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്. ബല്ലാരിയിലേക്ക് വരികയായിരുന്ന ട്രക്കില്‍ സഞ്ചരിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
ട്രക്കുകള്‍ കൂട്ടിയിടിച്ച് 11 മരണം
കുംഭമേള: തിരക്കില്‍ ഏഴ് മരണംഹരിദ്വാര്: കുംഭമേളയിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു. വാഹനമിടിച്ച് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് തിരക്കുണ്ടായത്. മരിച്ചവര്‍ ജൂണ അഖാഡ വിഭാഗത്തില്‍ പെട്ട സന്യാസിമാരാണ്. ഭക്‌തര്‍ സ്‌നാനഘട്ടത്തിലേക്കു പോകുമ്പോഴാണ് ദുരന്തമുണ്ടായത്.
ഉത്തര്‍പ്രദേശില്‍ സ്‌ഫോടനം: ആറു മരണംലക്നോ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്‌ഫോടനത്തില്‍ ആറു പേര്‍മരിച്ചതായി റിപ്പോര്‍ട്ട്. നായിബസ്‌തയിലെ ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്.
ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി അണുവികിരണംന്യൂഡല്ഹി: ഡല്‍ഹിയിലെ മായാപുരിയില്‍ അണുവികിരിണം ഏറ്റ് ഒരാളെ കൂടി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. മായാപുരിയില്‍ കഴിഞ്ഞ ഒരാഴ്‌ചക്കിടെ അണു വികിരിണം ഏല്‍ക്കുന്നവരുടെ എണ്ണം ഏഴായി.
No comments:
Post a Comment