തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പത്തു ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. വൈകീട്ട് ആറുമണി മുതല്‍ പത്തുമണിവരെ അരമണിക്കൂര്‍ വീതമായിരിക്കും വൈദ്യുതി മുടങ്ങുക. സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരുന്ന ലൈനിലെ തകരാറാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണമെന്ന്‌് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
കേരളത്തിലേക്കു വൈദ്യുതി കൊണ്ടുവരുന്ന അന്തര്‍സംസ്ഥാന മൈസൂര്‍-കണിയാമ്പറ്റ 220 കെ.വി ലൈനില്‍ ടവര്‍ മറിഞ്ഞപ്പോഴുണ്ടായ തകരാറാണ് വടക്കന്‍ ജില്ലകളെ ഇരുട്ടിലാക്കിയത്. കര്‍ണാടകയിലെ കഡഗോളയില്‍വച്ചാണ് ഡബിള്‍ സര്‍ക്യൂട്ട് ടവര്‍ മറിഞ്ഞുവീണത്. ഇതോടെ ലൈനില്‍ക്കൂടിയുളള വൈദ്യുതി വിതരണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവാന്‍ പത്തുദിവസം വേണ്ടിവരുമെന്നാണ് സൂചന. അത്രയും ദിവസം നിയന്ത്രണമുണ്ടാകും. തകരാര്‍ പത്ത് ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ നിയന്ത്രണം നീണ്ടേക്കുമെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വടക്കന്‍ ജില്ലകളിലെ ആവശ്യത്തിനായി പ്രതിദിനം 170 മെഗാവാട്ട് വൈദ്യുതിയാണ് മൈസൂര്‍ - കണിയാമ്പറ്റ ലൈന്‍വഴി കൊണ്ടുവരുന്നത്. മൂന്നുലൈനിലായി കൊണ്ടുവരുന്ന വൈദ്യുതിയുടെ രണ്ടു ലൈനുകളാണ് തകരാറിലായിരിക്കുന്നത്. 70 മെഗാവാട്ട് വൈദ്യുതി വിതരണം നടത്താവുന്ന ഒരു ലൈനില്‍ക്കൂടി വൈദ്യുതി എത്തിക്കുന്നുണ്ട്.
കര്‍ണാടക പവര്‍ ട്രാന്‍സ്‌മിഷന്‍ കോര്‍പറേഷനാണ് വൈദ്യുതിലൈനിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. കേരളത്തിലെ വൈദ്യുതി ദൗര്‍ലഭ്യം കണക്കിലെടുത്തു അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു കെ.എസ്. ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment