കോഴിക്കോട്: കേരളക്കര ഇന്ന് വിഷുപ്പുലരിയെ വരവേല്‍ക്കുന്നു. തിരുവോണം പോലെ വിഷുവും കാര്‍ഷികോത്സവമാണ്. രാത്രിയും പകലും ഒരേ ദൈര്‍ഘ്യത്തില്‍ വരുന്നു എന്നതാണ് വിഷുദിനത്തിന്റെ പ്രത്യേകത. 'വിഷുവം' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് വിഷുവിന്റെ ഉത്ഭവം. വിളവെടുപ്പിന്റെയും വിത്തിറക്കലിന്റെയും ഉത്സവമാണ് വിഷു. ചക്കയും മാങ്ങയും വെള്ളരിയും വിളവെടുക്കുന്ന മുഹൂര്‍ത്തമാണിത്. അതേസമയം കന്നിക്കൊയ്‌ത്തിനുള്ള വിത്തിറക്കലും വിഷു വേളയിലാണ്. കണി ഒരുക്കലാണ് വിഷുവിന്റെ ഏറ്റവും വലിയ ആഘോഷം. അലക്കിയ മുണ്ട്, കണിവെള്ളരി, കണിക്കൊന്ന, നെയ്യപ്പം, നാണയത്തുട്ടുകള്‍, നാളികേരത്തില്‍ ഒരുക്കുന്ന നെയ്‌ത്തിരി, എന്നിവ ഒരുക്കിയാണ് കണി ഒരുക്കുന്നത്. പുലര്‍ച്ചെ കണികാണാന്‍ വീട്ടിലെ അംഗങ്ങളെ മുഴുവന്‍ വിളിച്ചുണര്‍ത്തുന്നത് മുതിര്‍ന്ന അംഗങ്ങളായിരിക്കും. കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന മുഹൂര്‍ത്തംകൂടിയാണ്. പടക്കം പൊട്ടിച്ചും പൂത്തിരി, മത്താപ്പ് എന്നിവ കത്തിച്ചും ആഘോഷത്തെ വരവേല്‍ക്കും. ക്ഷേത്രങ്ങളില്‍ വിഷുക്കണി ഒരുക്കുന്ന പതിവുണ്ട്. ഗുരുവായൂര്‍, ശബരിമല എന്നിവിടങ്ങളില്‍ കണികാണാന്‍ ധാരാളം പേര്‍ എത്തിച്ചേരാറുണ്ട്. കടുത്ത വേനലിലാണ് വിഷു ആഘോഷിക്കുന്നതെങ്കിലും ആഹ്‌ളാദത്തിമര്‍പ്പിന് ഒട്ടും കുറവില്ല. വിഷുനാളില്‍ മഴ സാധാരണയാണെങ്കിലും ഇത്തവണ വേനല്‍ മഴ വളരെ കുറച്ചേ ലഭിച്ചിട്ടുള്ളൂ.
സമൃദ്ധിയുടെ കണികൊന്നകള്‍ക്കൊപ്പം വായനക്കാര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍
No comments:
Post a Comment