Friday, April 16, 2010

യൂറോപ്പില്‍ വ്യോമഗതാഗതം താറുമാറായി കുടുങ്ങിയവരില്‍ മന്‍മോഹന്‍ സിംഗും

  • അഗ്നിപര്‍വ്വത സ്‌ഫോടനം

ലണ്ടന്‍: ഐസ്‌ലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടി പുക അന്തരീക്ഷത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്ന്‌ യൂറോപ്പിലെ 4,000 ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പതിനായിരത്തിലേറെ യാത്രക്കാരാണ്‌
കഴിഞ്ഞ രണ്ടുദിവസമായി വിമാനത്താവളങ്ങള്‍ക്ക്‌ സമീപത്ത്‌ യാത്രകാത്തുകഴിയുന്നത്‌. ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും അഗ്നിപര്‍വതപ്പുകയെത്തുടര്‍ന്ന്‌ യാത്ര മുടങ്ങിയവരില്‍ പെടും. അമേരിക്കയില്‍ നിന്ന്‌ ബ്രസീല്‍ വഴി മടങ്ങാനിരുന്ന പ്രധാനമന്ത്രി, ഫ്രാങ്ക്‌ഫര്‍ട്ട്‌ വിമാനത്താവളത്തിലാണ്‌ കുടുങ്ങിയത്‌.
എയ്‌ജാഫ്‌ ജല്ലാജോക്കുല്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്‌ ആയിരങ്ങളുടെ നെഞ്ചില്‍ തീകോരിയിട്ടായിരുന്നു. ചാരം പരന്നതിനാല്‍ വിമാനങ്ങളുടെ എഞ്ചിന്‌ തകരാര്‍ സംഭവിച്ചേക്കാമെന്ന നിഗമനത്തില്‍ ഹീത്രൂ, സ്റ്റാന്‍സ്‌റ്റെഡ്‌. ഗാട്‌വിക്‌ വിമാനത്താവളങ്ങളില്‍ ഉച്ചയോടെ വിമാന സര്‍വീസ്‌ നിര്‍ത്തിവെക്കുകയായിരുന്നു.
സ്‌കോട്‌ലന്‍ഡിലും വിമാനത്താവളവും അടച്ചു. ധൂളിപടലങ്ങളിലുള്ള കല്ല്‌, ഗ്ലാസ്‌, മണല്‍ തുടങ്ങിയവയുടെ അംശങ്ങള്‍ വിമാനങ്ങളുടെ എഞ്ചിന്‍ ജാമാകാന്‍ കാരണമാകുമെന്നാണ്‌ വിദഗ്‌ധരുടെ നിരീക്ഷണം. ബ്രിട്ടീഷ്‌ എയര്‍വേസ്‌ ഒരു ദിവസം ആഭ്യന്തര സര്‍വീസുകളെല്ലാം റദ്ദാക്കി. ഐസ്‌ലന്റിലെ അഗ്നിപര്‍വ്വത സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അടച്ചുപൂട്ടിയ ബ്രിട്ടനിലേയും, യൂറോപ്പിലേയും, എയര്‍പോര്‍ട്ടുകള്‍ ഇന്നത്തോടെ സാധാരണ നില കൈവരിച്ചേക്കും. ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനുമിടക്ക്‌ അടി ഉയരത്തില്‍ അഗ്നിപര്‍വതത്തില്‍നിന്നുണ്ടായ പുക വ്യാപിച്ചിരിക്കുന്നതിനാലാണിതെന്ന്‌ മെറ്റ്‌ ഓഫീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഇതുമൂലം മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ്‌ യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളിലും ഹോട്ടലുകളിലുമായി കുടുങ്ങിക്കിടക്കുന്നത്‌.
24 മണിക്കൂറിലധികം തടസം നേരിട്ടതിനാല്‍ വിമാനസര്‍വീസുകള്‍ നേരേയാവാന്‍ ഒരാഴ്‌ചയെങ്കിലും എടുക്കുമെന്നാണ്‌ കരുതുന്നത്‌. ഈസ്റ്റര്‍ അവധി കഴിഞ്ഞ്‌ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന്‌ പുറപ്പെട്ട യാത്രക്കാരെല്ലാം മുംബൈ, ദുബായ്‌, ഖത്തര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. എയര്‍ലൈനുകള്‍ ഹോട്ടല്‍ സൗകര്യവും മറ്റും നല്‍കുന്നുണ്‌ടെങ്കിലും അത്യാവശ്യമായി ജോലിയില്‍ പ്രവേശിക്കേണ്‌ടവരേയും മറ്റും ഇത്‌ ബാധിക്കും. എയര്‍പോര്‍ട്ടുകള്‍ തുറന്നുപ്രവര്‍ത്തിക്കുവാന്‍ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ തീരുമാനമെടുത്തതിനുശേഷം മാത്രമേ ടിക്കറ്റുകള്‍ റീ ബുക്ക്‌ ചെയ്യുവാന്‍ കഴിയൂ.

കൊച്ചിയില്‍ നിന്നു അഹമ്മദാബാദിലേക്ക്‌

  • ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ശശി തരൂര്‍
  • ഐ.പി.എല്‍: ഇരുസഭകളും സ്‌തംഭിച്ചു

സ്വന്തം ലേഖകന്‍ / ന്യൂഡല്‍ഹി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്‌. പാര്‍ലമെന്റ്‌ സ്‌തംഭിച്ച ഇന്നലെ ക്രിക്കറ്റ്‌ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും രാഷ്‌ട്രീയവല്‍കരിക്കപ്പെട്ടു. അതിനിടെ ടീമിന്റെ ആസ്ഥാനം കൊച്ചിയില്‍ നിന്നും അഹമ്മദാബാദിലേക്കും മാറുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട്‌ വിദേശകാര്യ സഹമന്ത്രി ശശി തരൂരിനെക്കുറിച്ച്‌ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട്‌ പാര്‍ലിമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്‌തംഭിപ്പിച്ചതിന്‌ പിറകെ പുതിയ വെളിപ്പെടുത്തലുമായി കൊച്ചിന്‍ ഐ.പി.എല്‍ ടീം രംഗത്ത്‌ വന്നു. കൊച്ചിയില്‍ നിന്നും ടീമിന്റെ ഹോം ഗ്രൗണ്ട്‌ അഹമ്മദാബാദിലേക്ക്‌ മാറ്റാന്‍ ധാരണയായതായാണ്‌ കൊച്ചിന്‍ ടീമിന്റെ വെളിപ്പെടുത്തല്‍. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‌ സ്വന്തമായി മൈതാനമില്ലെന്ന വാദത്തിലാണ്‌ കൊച്ചിയില്‍ നിന്നും മല്‍സരങ്ങള്‍ അഹമ്മദാബാദിലേക്ക്‌ കൊണ്ടു പോവുന്നത്‌. അതിനിടെ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചു ചേര്‍ന്നാണ്‌ ഇന്നലെ സഭ സ്‌തംഭിപ്പിച്ചത്‌. ബഹളത്തെത്തുടര്‍ന്ന്‌ 12 മണിയോടെ രാജ്യസഭയും രണ്ട്‌ മണിയോടെ ലോക്‌സഭയും പിരിഞ്ഞു. രാവിലെ 11 മണിക്ക്‌ ഇരു സഭകളും ചേര്‍ന്നയുടന്‍ പ്രതിപക്ഷം തരൂര്‍ പ്രശ്‌നത്തില്‍ ബഹളമാരംഭിച്ചു. തരൂര്‍ രാജി വെക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമായിരുന്നു പ്രതിപക്ഷാവശ്യം. 12 മണി വരെയാണ്‌ ആദ്യം സഭകള്‍ നിര്‍ത്തിയത്‌. 12 മണിക്ക്‌ ചേര്‍ന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനാല്‍ രാജ്യസഭ നിര്‍ത്തിവെക്കുകയായിരുന്നു. ലോക്‌സഭയില്‍ സി.പി.എമ്മിലെ ബസുദേവാചാര്യയും ബി.ജെ.പിയിലെ ഋഷികാന്ത്‌ ദുബെയുമാണ്‌ പ്രശ്‌നം ചോദ്യോത്തര വേള നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയത്‌. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ നിലപാടെടുത്തു. പ്രതിപക്ഷ ബഹളം തുടര്‍ന്നതിനാല്‍ 12 മണി വരെ നിര്‍ത്തി വെക്കുകയായിരുന്നു. 12 മണിക്ക്‌ സഭ ചേര്‍ന്നപ്പോഴാണ്‌ പ്രസ്‌താവന നടത്താനായി തരൂര്‍ എഴുന്നേറ്റത്‌. എഴുതിത്തയ്യാറാക്കിയ പ്രസ്‌താവനയുമായി ലോക്‌സഭയിലെത്തിയ തരൂരിനെ പ്രസ്‌താവന വായിക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. പിന്നീട്‌ സ്‌പീക്കറുടെ നിര്‍ദ്ദേശ പ്രകാരം പ്രസ്‌താവന സഭയുടെ മേശപ്പുറത്ത്‌ വെച്ചു.
കൊച്ചി ഐ.പി.എല്‍ ടീമിന്റെ അനുമതി റദ്ദാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച പ്രസ്‌താവനയില്‍ തരൂര്‍ വ്യക്തമാക്കി. ലേലത്തില്‍ വിജയിച്ചതിനാലാണ്‌ കൊച്ചിക്ക്‌ ടീം ലഭിച്ചത്‌. ലേലത്തില്‍ വിജയിക്കാന്‍ മന്ത്രിക്ക്‌ എന്തു സഹായം നല്‍കാനാകുമെന്ന്‌ മനസിലാകുന്നില്ല. ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും താന്‍ ഉണ്ടാക്കിയിട്ടില്ല. ടീം രൂപവത്‌കരണത്തിന്‌ വേണ്ട സഹായം നല്‍കി എന്നത്‌ ശരിയാണ്‌. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്‌.
തിരുവനന്തപുരം എം.പി എന്ന നിലയിലാണ്‌ ടീം രൂപവത്‌കരണത്തിന്‌ ശ്രമിച്ചത്‌. ഇതിനുവേണ്ടി മന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗം ചെയ്‌തിട്ടില്ല. ബിനാമിയെ ഉപയോഗിച്ച്‌ പ്രവര്‍ത്തിച്ചുവെന്ന ആരോപണം അപമാനകരമാണെന്ന്‌ അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും തയാറാകാത്ത പ്രതിപക്ഷത്തിന്‌ തന്റെ രാജി മാത്രമാണാവശ്യമെന്നും ഇത്‌ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുധാരയിലെത്താന്‍ സ്‌ത്രീ വിദ്യാഭ്യാസം അനിവാര്യം: ജ: സിദ്ദീഖി


മുഹമ്മദ്‌ ഉഗ്രപുരം /കോഴിക്കോട്‌
സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ സമഗ്ര ഭാവവും പ്രത്യേകം ഊന്നലും നല്‍കിക്കൊണ്ടു മാത്രമേ ഇന്ത്യന്‍ മുസ്‌ലിംകളെ പൊതുധാരയിലേക്കും സാമൂഹിക പുരോഗതിയിലേക്കും കൊണ്ടുവരാനാവുകയുള്ളൂ എന്ന്‌ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ എം.എസ്‌.എ. സിദ്ദീഖി അഭിപ്രായപ്പെട്ടു. ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനശില കുടുംബമാണ്‌. വീടുകളില്‍ നിന്ന്‌ തുടങ്ങുന്ന പ്രവര്‍ത്തനങ്ങളാണ്‌ സാമൂഹിക മാറ്റങ്ങളുടെ ആത്മാവ്‌. അതുകൊണ്ടുതന്നെ അറിവും സംസ്‌കാരവും കൂടുതല്‍ കരസ്ഥമാക്കാനുള്ള സൗകര്യം സ്‌ത്രീകള്‍ക്കാണ്‌ പ്രാഥമികമായി നല്‍കേണ്ടത്‌. `ചന്ദ്രിക`ക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിലെ പ്രത്യേകിച്ച്‌ മുസ്‌ലിം പെണ്‍കുട്ടികളിലെ വിദ്യാഭ്യാസ സ്ഥിതിഗതികള്‍ പഠിച്ചു വിലയിരുത്താനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും കമ്മീഷന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. ഡോ. ഷബിസ്‌താന്‍ ഗഫ്‌ഫാറാണ്‌ ഇതിന്റെ ചെയര്‍പേഴ്‌സണ്‍. കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ ലഭ്യമായാലുടന്‍ മുസ്‌ലിം സ്‌ത്രീ വിദ്യാഭ്യാസത്തെ കുറിച്ച്‌ വിപുലമായ ഒരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച്‌ കേന്ദ്രസര്‍ക്കാറിന്‌ സമര്‍പ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ പോലെ മുസ്‌ലിം സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളം മാതൃകയാണെന്നും സിദ്ദീഖി അഭിപ്രായപ്പെട്ടു. ഇവിടെ മിക്ക മുസ്‌ലിം പെണ്‍കുട്ടികളും സ്‌കൂള്‍, കോളജ്‌ വിദ്യാഭ്യാസം നേടി ഉന്നത നിലവാരത്തിലെത്തിയവരാണ്‌.
എന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. അവിടെ പെണ്‍കുട്ടികളെ സ്‌കൂളിലേക്ക്‌ അയക്കാന്‍ തന്നെ സമുദായം മടിക്കുന്നു. പല തരത്തിലുള്ള ഭീതിയാണ്‌ അവരെ അലട്ടുന്നത്‌. ഇളം പ്രായത്തിലുള്ള വിവാഹവും അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ തടസ്സമാകുന്നു. സ്‌കൂളില്‍ പോകുന്നവര്‍ തന്നെ ചെറിയ ക്ലാസുകളില്‍ പഠനം അവസാനിപ്പിക്കേണ്ടിവരുന്നു. എന്നാല്‍ വിദ്യാഭ്യാസ പുരോഗതിയില്‍ കേരളം ഏറെ മുന്നിട്ടുനില്‍ക്കുന്നത്‌ ഇന്ത്യക്ക്‌ തന്നെ അഭിമാനകരമാണ്‌. എണ്ണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഗുണനിലവാരത്തിലും മെച്ചപ്പെട്ട സംവിധാനങ്ങളിലും മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ മുന്നിലാണ്‌. മുസ്‌ലിംകളുടെ ഈ പുരോഗതിയില്‍ ഉത്തരേന്ത്യക്കാര്‍ മാതൃകയാക്കേണ്ടത്‌ കേരളത്തെയാണ്‌. കേരളത്തില്‍ നിന്ന്‌ നിരവധി മുസ്‌ലിം-ക്രിസ്‌ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവിക്കുവേണ്ടി കമ്മീഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച കാര്യവും സന്ദര്‍ഭവശാല്‍ സിദ്ദീഖി ഓര്‍മ്മിപ്പിച്ചു.
ഭരണഘടനയുടെ 30(1) ഖണ്ഡിക പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച്‌ നടത്താനുളള മൗലികാവകാശം പരിരക്ഷിക്കുകയാണ്‌ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റീസ്‌ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ അടിസ്ഥാന ധര്‍മ്മം. ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്‌ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേഷന്‍ നേടാനും ന്യൂനപക്ഷ പദവി ഉറപ്പിച്ചുനിര്‍ത്താനും നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളും സിവില്‍ കോടതിയുടെ അധികാരമുള്ള കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍പെടുന്നു.
ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി ഉള്‍പ്പെടെ കേരളത്തിലേതടക്കം രാജ്യത്തെ നിരവധി സ്ഥാപനങ്ങളുടെ അടിസ്ഥാനാവശ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കമ്മീഷന്റെ മുമ്പാകെയുണ്ട്‌. ക്രിസ്‌ത്യന്‍, സിക്ക്‌ വിഭാഗങ്ങളില്‍പെട്ട രണ്ട്‌ അംഗങ്ങളെ കൂടി കേന്ദ്രസര്‍ക്കാര്‍ ഇയ്യിടെ നിയമിച്ചത്‌ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുതാര്യതയും വേഗതയും കൂട്ടും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂനപക്ഷ പദവി നിലനിര്‍ത്താന്‍ ബന്ധപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 30 ശതമാനത്തില്‍ കുറയരുതെന്ന്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയിട്ടില്ലെന്ന്‌ ചോദ്യത്തിനുത്തരമായി ജ. സിദ്ദീഖി പറഞ്ഞു.

പട്ടാപകല്‍ 18 കിലോ സ്വര്‍ണം കവര്‍ന്നു

കാഞ്ഞങ്ങാട്‌: പട്ടാപകല്‍ നഗരമദ്ധ്യത്തിലെ ആഭരണ കട കവര്‍ച്ച ചെയ്‌തു. ഉദ്ദേശം 18 കിലോ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു. ഇന്നലെ പകല്‍ 12.45 നും 1.50 നുമിടയില്‍ കോട്ടച്ചേരി ടൗണിലെ രാജധാനി ഗോള്‍ഡ്‌ പാര്‍ക്കിലാണ്‌ നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്‌. ജുമുഅ നമസ്‌കാരത്തിനുവേണ്ടി 12.45 ന്‌ സെന്റര്‍ ലോക്കിട്ട്‌ അടച്ച കട നിസ്‌കാരം കഴിഞ്ഞ്‌ വന്ന്‌ 1.50 ഓടെ തുറന്നപ്പോഴാണ്‌ ജ്വല്ലറിയുടെ താഴത്തെ നിലയിലെ ഷോക്കേസുകളില്‍നിന്ന്‌ ആഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തിയത്‌.
ജ്വല്ലറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിറകിലെ ഇലക്‌ട്രോണിക്‌സ്‌ കടയുടെ പൂട്ട്‌ തകര്‍ത്ത്‌ മുറിയുടെ അകത്തുകൂടി കയറി ഭിത്തി തുരന്ന്‌ ജ്വല്ലറിയുടെ ഒന്നാം നിലയിലെ പ്ലാസ്റ്റര്‍ ഓഫ്‌ പാരിസ്‌ പതിച്ച്‌ മേല്‍ക്കൂരയില്‍ ധ്വാരമുണ്ടാക്കിയാണ്‌ ജ്വല്ലറിയുടെ അകത്ത്‌ കവര്‍ച്ചക്കാ
ര്‍ കടന്നത്‌. താഴത്തെ നിലയില്‍ ചൂവരിലും ഇരിപ്പിടങ്ങള്‍ക്കടുത്തുമുള്ള ഷോക്കേസുകളില്‍ സൂക്ഷിച്ചിരുന്ന കട്ടികൂടിയ വളകളും മാലകളുമാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. മേശവലിപ്പിലുണ്ടായിരുന്ന ഒരുലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്‌. ചില്ലറ ആഭരണങ്ങള്‍ തറയില്‍ വീണ്‌ കിടന്നിരുന്നു. കവര്‍ച്ച നടത്തിയതിന്‌ ശേഷം കള്ളന്മാര്‍ വന്നവഴിയേ തന്നെ തിരിച്ചുപോയതായി മനസ്സിലാകുന്നു. ഇന്‍വര്‍ട്ടറുകളും മറ്റും നിര്‍മ്മിച്ച്‌ നല്‍കുന്ന പുല്ലൂരിനടുത്ത കേളോത്തെ ഭാസ്‌കരന്‍ നടത്തിവന്ന ഇലക്‌ട്രോണിക്‌സ്‌ കട വ്യാഴാഴ്‌ചയും ഇന്നലെയും അടച്ചിരുന്നു. ഈ കടയുടെ പൂട്ട്‌ തകര്‍ത്ത കവര്‍ച്ചക്കാര്‍ പകരം മറ്റൊരു പൂട്ടിട്ട്‌ കടയുടെ ഗ്രില്‍സ്‌ അടച്ചിരുന്നു.
നേരത്തെ തന്നെ ജ്വല്ലറിയുടെ ഭിത്തി തുരന്നുവെച്ച കവര്‍ച്ചക്കാര്‍ ഒരു മണിക്കൂറിനകം ദൗത്യം നിര്‍വ്വഹിച്ചതായാണ്‌ കരുതുന്നത്‌. രാത്രി സമയത്താണ്‌ കവര്‍ച്ച ഉദ്ദേശിച്ചതെങ്കിലും ലോക്കറുകള്‍ തകര്‍ക്കേണ്ട അദ്ധ്വാനം വേണ്ടിവരുമെന്ന്‌ മനസ്സിലാക്കിയ ഇവര്‍ ഒരു മണിക്കൂര്‍ ഇടവേളയില്‍ ആഭരണങ്ങള്‍ മാറ്റിവെക്കില്ലെന്ന്‌ മുന്‍കൂട്ടി മനസ്സിലാക്കി വെള്ളിയാഴ്‌ച ഉച്ച തന്നെ കവര്‍ക്ക്‌ തെരഞ്ഞെടുക്കുകയായിരുന്നു. ജ്വല്ലറിയുടെ സമീപം പൂച്ചെട്ടികള്‍ വില്‍പ്പന നടത്തുന്ന സ്‌ത്രീ ഇരു നിറത്തിലുള്ള ഒരു യുവാവ്‌ ഉച്ചവരെ ജ്വല്ലറിയുടെ പരിസരത്ത്‌ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നില്‍ക്കുന്നതായി പറഞ്ഞിട്ടുണ്ട്‌.
ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി. പ്രകാശ്‌, ഡി.വൈ.എസ്‌.പി. ജോസി ചെറിയാന്‍, സി.ഐ. മാരായ കെ.അഷ്‌റഫ്‌, പി. ബാലകൃഷ്‌ണന്‍, എം.പി വിനോദ്‌ എന്നിവരും വിരലടയാള വിദഗ്‌ധന്‍ സജീവനും പോലീസ്‌ നായ വിസ്‌ക്കിയും സ്ഥലത്തെത്തിയിരുന്നു. ഹൊസ്‌ദുര്‍ഗ്‌ എസ്‌.ഐ. സുനില്‍കുമാര്‍, രാജപുരം എസ്‌.ഐ. മധു എന്നിവരുടെ നേതൃത്വത്തില്‍ വലിയ പോലീസ്‌ സംഘം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പോലീസ്‌ നായ തൊട്ടടുത്ത പറമ്പിലോളം ചെന്ന്‌ തിരിച്ചു വന്നു.
കവര്‍ച്ചാ വിവരമറിഞ്ഞ്‌ വമ്പിച്ച ജനക്കൂട്ടമാണ്‌ സ്ഥലത്തെത്തിയത്‌. കവര്‍ച്ച സംബന്ധിച്ച്‌ മാനേജര്‍ മുഷ്‌താഖിന്റെ പരാതിയില്‍ പോലീസ്‌ കേസെടുത്തു. സംഭവ സ്ഥലത്ത്‌ ഏതാനും കൈയുറകളും ഗ്രാനൈറ്റ്‌ മുറിക്കുന്ന കട്ടറും ചുറ്റികയും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

നയപ്രഖ്യാപന പ്രസംഗം: ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടി

തിരുവനന്തപുരം: മന്ത്രിസഭയുടെ അംഗീകാരമില്ലാത്ത നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച്‌ ഗവര്‍ണര്‍ ആര്‍.എസ്‌ ഗവായി സര്‍ക്കാരിനോട്‌ വിശദീകരണം തേടി. ഗവര്‍ണറുടെ ഓഫീസ്‌ ചീഫ്‌ സെക്രട്ടറിയോടാണ്‌ വിശദീകരണം ആവശ്യപ്പെട്ടത്‌. ഇതുസംബന്ധിച്ച്‌ വിവരാവകാശനിയമപ്രകാരം ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിന്റെ വെളിപ്പെടുത്തലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ കത്തിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ്‌ ഗവര്‍ണര്‍ ഇന്നലെ വിശദീകരണം ആവശ്യപ്പെട്ടത്‌. ഇതോടെ നയപ്രഖ്യാപനത്തിലെ ഭരണഘടനാപ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരം ഒരു ഭരണഘടനാ പ്രശ്‌നത്തിന്‌ കേരളം സാക്ഷ്യം വഹിക്കുന്നത്‌.
മന്ത്രിസഭ അംഗീകരിച്ചതെന്ന കുറിപ്പോടെ ഗവര്‍ണറുടെ ഓഫീസില്‍ എത്തിച്ച നയപ്രഖ്യാപന പ്രസംഗം ഫെബ്രുവരി 24ന്‌ ഗവര്‍ണര്‍ സഭയില്‍ വായിക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ വായിച്ച സര്‍ക്കാരിന്റെ നയരേഖക്ക്‌ മന്ത്രിസഭാ അംഗീകാരം നല്‍കിയിരുന്നില്ലെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു. ഫിബ്രവരി 10ന്‌ ചേര്‍ന്ന സബ്‌കമ്മിറ്റി പ്രസംഗം തയാറാക്കാന്‍ തീരുമാനിച്ചെങ്കിലും 17ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത്‌ വായിച്ച്‌ അംഗീകരിച്ചില്ല. പിന്നീട്‌ ഇതുസംബന്ധിച്ച്‌ ജോസഫ്‌ എം. പുതുശ്ശേരി എം.എല്‍.എക്ക്‌ വിവരാവകാശനിയമപ്രകാരം ചീഫ്‌ സെക്രട്ടറി നല്‍കിയ മറുപടിയില്‍ മന്ത്രിസഭ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചില്ലെന്ന്‌ സമ്മതിച്ചിരുന്നു.
നയപ്രഖ്യാപനം അംഗീകരിച്ചിട്ടില്ലെന്നും ഇത്‌ നിയമപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്നും ചീഫ്‌ സെക്രട്ടറി നീലാ ഗംഗാധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തതുമില്ല. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി ചീഫ്‌ സെക്രട്ടറിയെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്‌ കൂടുതല്‍ വിവാദം സൃഷ്‌ടിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. സര്‍ക്കാര്‍ അംഗീകരിക്കാത്ത നയരേഖ നടപ്പാക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രിസഭാ യോഗം അംഗീകരിച്ചശേഷം ഗവര്‍ണറെക്കൊണ്ട്‌ വീണ്ടും നയപ്രഖ്യാപനം നടത്തുകയാണ്‌ പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗമെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന്‌ അവര്‍ ആവശ്യപ്പെടുകയുണ്ടായി.

പോലീസ്‌ സ്റ്റേഷനിലേക്ക്‌ സ്‌ഫോടക വസ്‌തു എറിഞ്ഞു

അഴിയൂര്‍ (കോഴിക്കോട്‌): ചോമ്പാല പോലീസ്‌ സ്റ്റേഷനിലേക്ക്‌ വ്യാഴാഴ്‌ച രാത്രി 11.20 ഓടെ അജ്ഞാതര്‍ സ്‌ഫോടക വസ്‌തു എറിഞ്ഞു. സ്റ്റേഷന്‍ കെട്ടിടത്തിലെ എസ്‌.ഐ.യുടെ മുറി ലക്ഷ്യമാക്കിയാണ്‌ സ്‌ഫോടക വസ്‌തുക്കള്‍ എറിഞ്ഞത്‌. ഈ സമയത്ത്‌ പട്രോളിങ്‌ ഡ്യൂട്ടിക്കായി എസ്‌.ഐ. പുറത്തുപോയിരിക്കുകയായിരുന്നു. തുറന്നിട്ട ജനലിലൂടെ മേശപ്പുറത്ത്‌ തട്ടി സ്‌ഫോടക വസ്‌തു പൊട്ടിതെറിക്കുകയായിരുന്നു. മൂന്ന്‌ പേര്‍ ഇരുളിലേക്ക്‌ ഓടിമറഞ്ഞതായി പരിസരവാസികള്‍ പറയുന്നു. സ്റ്റേഷന്‌ പിന്നില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ്‌ സ്ഥലം പരിചയമുള്ളവര്‍ക്കെ ഇത്ര വിദഗ്‌ധമായി സ്‌ഫോടക വസ്‌തു ഉള്ളിലേക്ക്‌ എറിയാന്‍ കഴിയൂ. സ്റ്റേഷന്റെ മുന്‍ഭാഗത്ത്‌ റോഡിലും പടക്കം എറിഞ്ഞിട്ടുണ്ട്‌. 2009 മാര്‍ച്ച്‌ 1ന്‌ ഉദ്‌ഘാടനം ചെയ്‌ത സ്റ്റേഷനില്‍ ഒരുവര്‍ഷത്തിനിടെ 450 ഓളം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഇതുകൊണ്ട്‌ തന്നെ സ്റ്റേഷന്‍ പരിധിയായ അഴിയൂര്‍ ഒഞ്ചിയം പഞ്ചായത്തുകളില്‍ കുറ്റകൃത്യം വര്‍ദ്ധിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.
വര്‍ഗ്ഗീയ തീവ്രശക്തികളുടെ കടന്നുകയറ്റം ഈ പ്രദേശത്ത്‌ പലപ്പോഴും സൈ്വര്യജീവിതത്തിന്‌ പ്രയാസം സൃഷ്‌ടിക്കുകയാണ്‌. സ്റ്റേഷന്‌ നേരെ നടന്ന ആക്രമണം സമാധാനകാംക്ഷികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്‌. അക്രമണം നടന്ന സ്റ്റേഷന്‍ റൂറല്‍ എസ്‌.പി.നീരജ്‌കുമാര്‍ ഗുപ്‌ത, ഡി.വൈ.എസ്‌.പി.വാഹിദ്‌, സ്‌പെഷല്‍ബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി കുഞ്ഞന്‍, ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡിവൈ.എസ്‌.പി.മോഹനചന്ദ്രന്‍ സന്ദര്‍ശിച്ചു. ബോംബ്‌ സ്‌ക്വാഡ്‌ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ചട്ടംലംഘിച്ചതായി ഡി.ജി.പിയും; തച്ചങ്കരിയെ നീക്കി


തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയ കണ്ണൂര്‍ മേഖലാ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കി. അദ്ദേഹത്തിന്‌ പകരം ചുമതല നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ്‌ യാത്രയെന്നും സര്‍ക്കാരിന്‌ ഉചിതമായ നടപടി സ്വീകരിക്കാമെന്നും ഇന്നലെ ഡി.ജി.പി ജേക്കബ്‌ പുന്നൂസിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചതിന്‌ പിന്നാലെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. തച്ചങ്കരി ചട്ട ലംഘനം നടത്തിയതായി നേരത്തെ എ.ഡി.ജി.പി സിബി മാത്യു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. തച്ചങ്കരിക്ക്‌ പകരം എസ്‌.ബി.ആര്‍.ബി ഐ.ജി സുരേഷ്‌കുമാറിനാണ്‌ കണ്ണൂര്‍ മേഖലയുടെ ചമതല. തച്ചങ്കരിയുടെ വിദേശയാത്രസംബന്ധിച്ച്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയതായി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനനന്ദന്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. തച്ചങ്കരി സര്‍വീസ്‌ ചട്ടം ലംഘിച്ചതായി ഡി.ജി.പി യുടെ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഉത്തരമായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
നേരത്തെ എ.ഡി.ജി.പി സിബി മാത്യുവും ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നുതായി മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം എത്രയും വേഗം നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ്‌ തച്ചങ്കരിയെ നീക്കിയത്‌. തച്ചങ്കരിയുടെ വിദേശയാത്രയെക്കുറിച്ച്‌ ജനതാദള്‍ നേതാവ്‌ എം.പി. വീരേന്ദ്രകുമാറാണ്‌ ആദ്യം ആക്ഷേപം ഉന്നയിച്ചത്‌. ഇതേതുടര്‍ന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനനന്ദന്‍ അന്വേഷണത്തിന്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഡി.ജി.പിയോടുപോലും അനുമതി വാങ്ങാതെയായിരുന്നു തച്ചങ്കരിയുടെ വിദേശയാത്ര. സിക്കിം യാത്രക്കെന്നു കാട്ടിയാണ്‌ അദ്ദേഹം അവധിക്ക്‌ അപേക്ഷിച്ചിരുന്നത്‌. ഐ.ജി. മഹേഷ്‌കുമാര്‍ സിംഗ്ലയെ മാത്രമാണ്‌ യാത്രക്കാര്യം വാക്കാല്‍ അറിയിച്ചിരുന്നതെന്ന്‌ സിബി മാത്യു കണ്ടെത്തി.
വിദേശയാത്രാ വിവരം ചോര്‍ന്നതോടെ പിടിച്ചുനില്‍ക്കാന്‍ തച്ചങ്കരി നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചു. വിദേശത്ത്‌ നിന്ന്‌ പെട്ടെന്ന്‌ പറന്നെത്തിയ അദ്ദേഹം താന്‍ നാല്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി സമ്മതിച്ചു.
എന്നാല്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ പല ഐ.എ.എസ്‌ ഉദ്യോഗസ്ഥരും തന്നെപ്പോലെ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും മടങ്ങിവന്നശേഷം അനുമതി സ്ഥിരീകരിക്കുകയായിരുന്നുവെന്നും ഡി.ജി.പിക്ക്‌ നല്‍കിയ വിശദീകരണത്തില്‍ തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കാര്യത്തില്‍ മാത്രമായി നടപടിയെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കണ്ണൂര്‍ ഐ.ജി.യായി നിയമിതനായ സുരേഷ്‌കമാര്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിച്ചു.

സിന്ധു ജോയിയെ ഇനി എസ്‌.എഫ്‌.ഐക്ക്‌ വേണ്ട

തിരുവനന്തപുരം: എസ്‌.എഫ്‌.ഐ സമരമുഖങ്ങളിലെ പെണ്‍പുലിയെ ഇനി സംഘടനക്ക്‌ വേണ്ട. അച്ചടക്കരാഹിത്യം ചൂണ്ടിക്കാട്ടി സിന്ധു ജോയിയെ സംഘടനയുടെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കാന്‍ തീരുമാനമായി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തതും കമ്മിറ്റികളില്‍ പങ്കെടുക്കാത്തതുമാണ്‌ ഈ കടുത്തനടപടിക്ക്‌ കാരണം. രാജ്യസഭാ സീറ്റ്‌ മോഹിച്ച്‌ പാര്‍ട്ടിയിലെ പല നേതാക്കളുടെയും പിന്നാലെ ഏതാനും മാസം നടന്നെങ്കിലും ഫലമുണ്ടാകാത്തത്‌ സിന്ധു ജോയിയെ ഏറെ വിഷമിപ്പിച്ചിരുന്നു. സീറ്റ്‌ നേടാന്‍ എസ്‌.എഫ്‌.ഐയും ഡി.വൈ.എഫ്‌.ഐയും തന്നെ സഹായിച്ചില്ലെന്നും അവര്‍ക്ക്‌ പരാതിയുണ്ട്‌. എസ്‌.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി.കെ. ബിജു എം.പിയാണ്‌ സിന്ധു ജോയിക്ക്‌ എതിരായ നടപടിക്ക്‌ കാരണക്കാരനെന്നറിയുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാന്‍ സിന്ധു ജോയി ചരടുവലി തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ എസ്‌.എഫ്‌.ഐയും ഡി.വൈ.എഫ്‌.ഐയും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇരുസംഘടനകളുടെയും എതിര്‍പ്പ്‌ അവഗണിച്ച സിന്ധു ജോയി പാര്‍ട്ടിയിലെ ഗോഡ്‌ഫാദര്‍മാരെ ഉപയോഗിച്ച്‌ സീറ്റ്‌ തരപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു. അത്‌ പാളുകയും ചെയ്‌തു. നേരത്തെ രണ്ടുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ സിന്ധു ജോയി തോറ്റിട്ടുണ്ട്‌.
ഭാരവാഹിത്വങ്ങളില്‍ നിന്ന്‌ ഒഴിവാക്കുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ എസ്‌.എഫ്‌.ഐ അഖിലേന്ത്യാ വനിതാ സബ്‌ കമ്മിറ്റിയുടെ അധ്യക്ഷ പദവിയില്‍ നിന്ന്‌ അവരെ നീക്കം ചെയ്‌തു.

Thursday, April 15, 2010

സല്‍മാന്‍ ബിന്‍ അബ്‌ദുള്‍ അസീസ്‌ അല്‍ സഊദ്‌ ഡല്‍ഹിയില്


ഇന്ത്യയിലെത്തിയ സഊദി രാജ കുടംബാംഗവും റിയാദ്‌ ഗവര്‍ണ്ണറുമായ സല്‍മാന്‍ ബിന്‍ അബ്‌ദുള്‍ അസീസ്‌ അല്‍ സഊദ്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ ദേശീയ പ്രസിഡണ്ടുമായ ഇ.അഹമ്മദിനൊപ്പം ഡല്‍ഹിയില്‍.

വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം



തിരുവനന്തപുരം: കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളില്‍ പത്തു ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി. വൈകീട്ട്‌ ആറുമണി മുതല്‍ പത്തുമണിവരെ അരമണിക്കൂര്‍ വീതമായിരിക്കും വൈദ്യുതി മുടങ്ങുക. സംസ്ഥാനത്തിന്‌ പുറത്ത്‌ നിന്ന്‌ വൈദ്യുതി കൊണ്ടുവരുന്ന ലൈനിലെ തകരാറാണ്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണമെന്ന്‌്‌ കെ.എസ്‌.ഇ.ബി അധികൃതര്‍ അറിയിച്ചു.
കേരളത്തിലേക്കു വൈദ്യുതി കൊണ്ടുവരുന്ന അന്തര്‍സംസ്ഥാന മൈസൂര്‍-കണിയാമ്പറ്റ 220 കെ.വി ലൈനില്‍ ടവര്‍ മറിഞ്ഞപ്പോഴുണ്ടായ തകരാറാണ്‌ വടക്കന്‍ ജില്ലകളെ ഇരുട്ടിലാക്കിയത്‌. കര്‍ണാടകയിലെ കഡഗോളയില്‍വച്ചാണ്‌ ഡബിള്‍ സര്‍ക്യൂട്ട്‌ ടവര്‍ മറിഞ്ഞുവീണത്‌. ഇതോടെ ലൈനില്‍ക്കൂടിയുളള വൈദ്യുതി വിതരണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവാന്‍ പത്തുദിവസം വേണ്ടിവരുമെന്നാണ്‌ സൂചന. അത്രയും ദിവസം നിയന്ത്രണമുണ്ടാകും. തകരാര്‍ പത്ത്‌ ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ നിയന്ത്രണം നീണ്ടേക്കുമെന്നും ബോര്‍ഡ്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
വടക്കന്‍ ജില്ലകളിലെ ആവശ്യത്തിനായി പ്രതിദിനം 170 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ മൈസൂര്‍ - കണിയാമ്പറ്റ ലൈന്‍വഴി കൊണ്ടുവരുന്നത്‌. മൂന്നുലൈനിലായി കൊണ്ടുവരുന്ന വൈദ്യുതിയുടെ രണ്ടു ലൈനുകളാണ്‌ തകരാറിലായിരിക്കുന്നത്‌. 70 മെഗാവാട്ട്‌ വൈദ്യുതി വിതരണം നടത്താവുന്ന ഒരു ലൈനില്‍ക്കൂടി വൈദ്യുതി എത്തിക്കുന്നുണ്ട്‌.
കര്‍ണാടക പവര്‍ ട്രാന്‍സ്‌മിഷന്‍ കോര്‍പറേഷനാണ്‌ വൈദ്യുതിലൈനിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്‌. കേരളത്തിലെ വൈദ്യുതി ദൗര്‍ലഭ്യം കണക്കിലെടുത്തു അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു കെ.എസ്‌. ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഇന്ന്‌ വിഷു
കോഴിക്കോട്‌: കേരളക്കര ഇന്ന്‌ വിഷുപ്പുലരിയെ വരവേല്‍ക്കുന്നു. തിരുവോണം പോലെ വിഷുവും കാര്‍ഷികോത്സവമാണ്‌. രാത്രിയും പകലും ഒരേ ദൈര്‍ഘ്യത്തില്‍ വരുന്നു എന്നതാണ്‌ വിഷുദിനത്തിന്റെ പ്രത്യേകത. 'വിഷുവം' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ്‌ വിഷുവിന്റെ ഉത്ഭവം. വിളവെടുപ്പിന്റെയും വിത്തിറക്കലിന്റെയും ഉത്സവമാണ്‌ വിഷു. ചക്കയും മാങ്ങയും വെള്ളരിയും വിളവെടുക്കുന്ന മുഹൂര്‍ത്തമാണിത്‌. അതേസമയം കന്നിക്കൊയ്‌ത്തിനുള്ള വിത്തിറക്കലും വിഷു വേളയിലാണ്‌. കണി ഒരുക്കലാണ്‌ വിഷുവിന്റെ ഏറ്റവും വലിയ ആഘോഷം. അലക്കിയ മുണ്ട്‌, കണിവെള്ളരി, കണിക്കൊന്ന, നെയ്യപ്പം, നാണയത്തുട്ടുകള്‍, നാളികേരത്തില്‍ ഒരുക്കുന്ന നെയ്‌ത്തിരി, എന്നിവ ഒരുക്കിയാണ്‌ കണി ഒരുക്കുന്നത്‌. പുലര്‍ച്ചെ കണികാണാന്‍ വീട്ടിലെ അംഗങ്ങളെ മുഴുവന്‍ വിളിച്ചുണര്‍ത്തുന്നത്‌ മുതിര്‍ന്ന അംഗങ്ങളായിരിക്കും. കുട്ടികള്‍ക്ക്‌ വിഷുക്കൈനീട്ടം നല്‍കുന്ന മുഹൂര്‍ത്തംകൂടിയാണ്‌. പടക്കം പൊട്ടിച്ചും പൂത്തിരി, മത്താപ്പ്‌ എന്നിവ കത്തിച്ചും ആഘോഷത്തെ വരവേല്‍ക്കും. ക്ഷേത്രങ്ങളില്‍ വിഷുക്കണി ഒരുക്കുന്ന പതിവുണ്ട്‌. ഗുരുവായൂര്‍, ശബരിമല എന്നിവിടങ്ങളില്‍ കണികാണാന്‍ ധാരാളം പേര്‍ എത്തിച്ചേരാറുണ്ട്‌. കടുത്ത വേനലിലാണ്‌ വിഷു ആഘോഷിക്കുന്നതെങ്കിലും ആഹ്‌ളാദത്തിമര്‍പ്പിന്‌ ഒട്ടും കുറവില്ല. വിഷുനാളില്‍ മഴ സാധാരണയാണെങ്കിലും ഇത്തവണ വേനല്‍ മഴ വളരെ കുറച്ചേ ലഭിച്ചിട്ടുള്ളൂ.



സമൃദ്ധിയുടെ കണികൊന്നകള്‍ക്കൊപ്പം വായനക്കാര്‍ക്ക്‌ ഹൃദ്യമായ വിഷു ആശംസകള്‍

Wednesday, April 14, 2010

സെന്‍സസ്‌: പ്രവാസികളെ ഉള്‍പ്പെടുത്തണം -മുസ്‌ലിംലീഗ്‌

മലപ്പുറം: പ്രവാസി ഇന്ത്യക്കാരെ കാനേഷുമാരിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കുടുംബം പോറ്റാന്‍ വേണ്ടി വിദേശത്ത്‌ പോയവരെ സാങ്കേതികമായി വളര്‍ച്ച പ്രാപിച്ച ഈ സാഹചര്യത്തില്‍ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്താന്‍ വലിയ പ്രയാസമുള്ള കാര്യമല്ല. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന വിവിധ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരെ കാനേഷുമാരിയില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ തന്നെ പ്രവാസി ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തണം. എംബസികള്‍ മുഖേന പ്രവാസി സമൂഹത്തോട്‌ നീതി ചെയ്യണം.
പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരും. 24ന്‌ കൊച്ചിയില്‍ എ.കെ. ആന്റണിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന യു.ഡി.എഫ്‌. യോഗത്തില്‍ ഈ വിഷയം പാര്‍ട്ടി ഉന്നയിക്കും. ഡല്‍ഹിയിലുള്ള എം.പി.മാരുമായി ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌.
പ്രവാസി ഇന്ത്യക്കാരെ കണക്കെടുപ്പില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നത്‌ നീതിയല്ല. ഇവര്‍ക്ക്‌ വോട്ടവകാശം നല്‍കുന്നതിനെക്കുറിച്ച്‌ രാജ്യം ആലോചിച്ച്‌ കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യക്കാരെ മാറ്റിനിര്‍ത്തുന്നത്‌ കൂടുതല്‍ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുണ്ടാക്കും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മുഖ്യ പങ്ക്‌ വഹിക്കുന്നവരാണ്‌ പ്രവാസികള്‍. വാര്‍ത്താലേഖകരുമായി സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചൈനയില്‍ ശക്തമായ ഭൂചലനം 400 മരണം


ഭൂകമ്പത്തില്‍ തകര്‍ന്ന വീടുകള്‍




ബീജിംഗ്‌: പടിഞ്ഞാറന്‍ ചൈനയിലെ ക്വിന്‍ഹായി പ്രവിശ്യയിലും ടിബറ്റിലുമുണ്ടായ ശക്‌തമായ ഭൂകമ്പത്തില്‍ 400 പേര്‍ മരിച്ചു. 10,000 പേര്‍ക്ക്‌ പരിക്കേറ്റതായി ചൈനീസ്‌ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. റിക്‌ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടതെന്ന്‌ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എന്നാല്‍ റിക്‌ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയതായാണ്‌ ചൈന അറിയിച്ചത്‌. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ബുധനാഴ്‌ച രാവിലെയുണ്ടായ ഭൂകമ്പത്തിന്‌ ശേഷം മൂന്ന്‌ ശക്തമായ തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. തുടര്‍ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3, 5.2, 4.7 രേഖപ്പെടുത്തി.
പ്രദേശത്തെ ഒട്ടുമിക്ക കെട്ടിടങ്ങളും തകര്‍ന്നതായി ബി.ബി.സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഒട്ടേറെപ്പേര്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ വിവിധ ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്‌.
ക്വിന്‍ഹായി പ്രവിശ്യയിലെ തെക്കുകിഴക്കന്‍ പ്രദേശമായ ഗോര്‍മുഡിന്‌ 380 കിലോമീറ്റര്‍ അകലെ 46 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ശക്തമായ ചലനമുണ്ടായ ജിയേഗു ടൗണ്‍ഷിപ്പിലെ 85 ശതമാനം കെട്ടിടങ്ങളും തകര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. പ്രാദേശിക സമയം രാവിലെ എട്ട്‌ മണിയോടെയാണ്‌ ചലനം അനുഭവപ്പെട്ടത്‌. പ്രദേശത്തെ നിരവധി സ്‌കൂളുകളും തകര്‍ന്നിട്ടുണ്ട്‌. മരവും മണ്ണും ഉപയോഗിച്ചുള്ള വീടുകളാണ്‌ പ്രദേശത്ത്‌ കൂടുതല്‍. ക്വിങ്‌ഹായിലെ പാര്‍ക്കിലുണ്ടായിരുന്ന ബുദ്ധ ഗോപുരവും തകര്‍ന്നു. തെക്കുകിഴക്കു ഭാഗത്തെ ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ വൈകിയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌. ഭൂചലന ദുരന്തങ്ങള്‍ നേരിടുന്നതില്‍ വിദഗ്‌ധരായ അയ്യായിരത്തോളം പേരെ സമീപ പ്രവിശ്യകളില്‍ നിന്ന്‌ സ്ഥലത്ത്‌ വിന്യസിപ്പിച്ചിട്ടുണ്ട്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ സൈന്യവും സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യത്തിന്‌ ഏറെ സാഹസപ്പെടേണ്ടിവന്നു. പ്രദേശത്ത്‌ വൈദ്യുത ബന്ധവും ജലവിതരണവും തടസപ്പെട്ടു. ടെലഫോണ്‍ സംവിധാനം തകര്‍ന്നതും ആവശ്യമായ എസ്‌കവേറ്ററുകളും മറ്റ്‌ ഉപകരണങ്ങളും ലഭ്യമാകാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തിന്‌ തടസമായി. മണ്‍വെട്ടികളുപയോഗിച്ചാണ്‌ തകര്‍ന്ന വീടിന്റെ മേല്‍ക്കൂര വെട്ടിപ്പൊളിച്ചത്‌. കൈകളും സ്വന്തം കായിക ശേഷിയും മാത്രം ഉപയോഗപ്പെടുത്തി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ ഒരു സൈനിക ഓഫീസര്‍ പറഞ്ഞു. ആളുകള്‍ക്ക്‌ ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നും എന്നാല്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സ്ഥലത്ത്‌ എത്തിപ്പെടാന്‍ ബുദ്ധിമുട്ട്‌ നേരിട്ടതായും അദ്ദേഹം വ്യക്തമാക്കി. 1976 ശേഷം പ്രദേശത്ത്‌ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന്‌ യു.എസ്‌ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 2008 മേയില്‍ ചൈനയിലെ സിച്ചാന്‍ പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 87,000 പേരാണ്‌ അന്നു മരിച്ചത്‌.

മോഡിക്കെതിരെ 225 കോടി കൈക്കൂലി ആരോപണം




















ഐ.പി.എല്‍ വിവാദം: രാജിയില്ലെന്ന്‌ ശശി തരൂര്‍


സ്വന്തം ലേഖകന്‍ / ന്യൂഡല്‍ഹി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലെ പുത്തന്‍ വിവാദം രാഷ്‌ട്രീയ വേദികളില്‍ പ്രധാന ചര്‍ച്ചയാവുന്നു. പാര്‍ലമെന്റ്‌്‌ സമ്മേളനം ഇന്ന്‌ തുടങ്ങവെ വിവാദത്തിലെ നായകന്‍ ശശി തരൂരിനെതിരെ പ്രതിപക്ഷം ഒന്നിക്കും. ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡിക്കെതിരെ കൈക്കൂലി ആരോപണവും ഉയര്‍ന്നിരിക്കുന്നു
ക്രിക്കറ്റ്‌ വിവാദം രാഷ്‌ട്രീയത്തിന്റെ പുതിയ പിച്ചിലേക്ക്‌... കേരളാ ഐ.പി.എല്‍ ടീമിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡിക്കെതിരെ ഗുരുതര ആരോപണവുമായി കൊച്ചിന്‍ ടീം രംഗത്ത്‌ വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണ്‌. ഐ.പി.എല്‍ ലേലത്തില്‍ നിന്നും ടീമിനെ പിന്‍വലിക്കുകയാണെങ്കില്‍ 225 കോടി രൂപ കൈക്കൂലി നല്‍കാമെന്ന്‌ ലളിത്‌ മോഡി പറഞ്ഞതായി കൊച്ചിന്‍ ടീം മാനേജറായ ശൈലേന്ദ്ര ഗെയ്‌ക്ക്‌ വാദാണ്‌ പരസ്യമാക്കിയത്‌. എന്നാല്‍ ഈ കാര്യം നിഷേധിച്ച ലളിത്‌ മോഡി കൊച്ചിന്‍ ടീമിനെതിരെ ശക്തമായി രംഗത്ത്‌ വന്നിരിക്കയാണ്‌. ടീമിന്റെ ഓഹരിയുടമകളെക്കുറിച്ച്‌ അവര്‍ക്ക്‌ തന്നെ അറിയില്ലായിരുന്നുവെന്നാണ്‌ മോഡി കുറ്റപ്പെടുത്തിയത്‌. അതിനിടെ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ രാഷ്‌ട്രീയ നീക്കങ്ങളും ശക്തമായി. ബി.ജെ.പിക്ക്‌ പിറകെ മന്ത്രിയുടെ രാജി ആവശ്യവുമായി ഇന്നലെ സി.പി.എം രംഗത്ത്‌ വന്നു.
വിദേശത്തുളള പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. രാജി നല്‍കില്ലെന്നും പ്രധാനമന്ത്രിയെ കാണുമെന്നും തരൂരും വ്യക്തമാക്കിയിട്ടുണ്ട്‌. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ ബി.ജെ.പിയും സി.പി.എമ്മും ഉദ്ദേശിക്കുന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്സ്‌ തരൂരിനൊപ്പം ഉറച്ചു നില്‍ക്കുന്നുണ്ട്‌. വിവാദവിഷയത്തില്‍ അന്വേഷണത്തിനായുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.
ശശി തരൂരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന്‌ ഇപ്പോള്‍ പറയാനാവില്ലെന്ന്‌ അമേരിക്കയിലുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാവില്ല. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്‌ വാഷിംഗ്‌ടണിലുള്ള മന്‍മോഹന്‍ സിംഗ്‌ വാര്‍ത്താലേഖകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു. വിവാദങ്ങള്‍ അറിഞ്ഞിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂ- മന്‍മോഹന്‍ സിംഗ്‌ കൂട്ടിച്ചേര്‍ത്തു.